കെട്ടിടങ്ങൾക്കു മുകളിലും പാതയോരത്തും അപകടക്കെണിയായി പരസ്യബോർഡുകൾ
1422793
Thursday, May 16, 2024 1:29 AM IST
കാസർഗോഡ്: മുംബൈ ഘട്കോപ്പറിൽ കൂറ്റൻ പരസ്യബോർഡ് താഴേക്ക് പതിച്ചുണ്ടായ ദുരന്തവാർത്ത വായിക്കുമ്പോൾ ജില്ലയിൽ ഏറെപ്പേരും ഓർത്തിരിക്കുക അതിനു രണ്ടുദിവസം മുമ്പ് കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡിനു സമീപം പരസ്യബോർഡ് മറിഞ്ഞുവീണതാകും. ബസ്സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച ബോർഡ് വേനൽമഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ആടിയുലയുന്നതും ചരിയുന്നതും കണ്ട് താഴെയുണ്ടായിരുന്ന ആളുകൾ പെട്ടെന്ന് ഓടിമാറിയതുകൊണ്ടാണ് ഇവിടെ ദുരന്തം ഒഴിവായത്.
ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. 40 അടി നീളവും 25 അടി ഉയരവുമുള്ള ഇരുമ്പുകൊണ്ടുള്ള ഭാരമേറിയ ബോർഡാണ് മറിഞ്ഞുവീണത്. ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾ ഇതിന്റെ അടിയിൽപ്പെട്ട് തകർന്നു. ബോർഡ് ഇളകിവീണതിനൊപ്പം ഇതിനെ ഉറപ്പിച്ചുനിർത്താൻ സ്ഥാപിച്ചിരുന്ന ഇരുപതിലേറെ കല്ലുകളും കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കുവീണു.
തുണി കൊണ്ടോ ഫ്ലക്സ് കൊണ്ടോ ഉള്ള ബോർഡുകൾക്ക് കാറ്റ് പിടിക്കാതിരിക്കാൻ ഇടയ്ക്ക് ദ്വാരങ്ങളിടുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഇരുമ്പു ബോർഡുകൾക്ക് ഈ പതിവില്ല. പാതയോരത്ത് മണ്ണിലോ കെട്ടിടങ്ങൾക്കു മുകളിലോ സ്ഥാപിക്കുമ്പോൾ അടിവശം കൃത്യമായി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കണമെന്നാണ് നിയമമെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടാറില്ല.
ബോർഡിന്റെ ഭാരവും വിസ്തീർണവും കാറ്റിന്റെ പരമാവധി വേഗതയുമായി ഒത്തുനോക്കി അടിത്തറയുടെ ബലം നിർണയിക്കാൻ ആരും എൻജിനിയർമാരെ സമീപിക്കാറുമില്ല. അത് തീരുമാനിക്കുന്നത് ബന്ധപ്പെട്ട പരസ്യ ഏജൻസികളും കരാറുകാരും മാത്രമാണ്. പുതിയ ബസ്സ്റ്റാൻഡിൽ കഴിഞ്ഞദിവസം തകർന്നുവീണ ഇരുമ്പു ബോർഡിന്റെ അടിയിൽ കോൺക്രീറ്റിനു പകരം ചെങ്കല്ലുകളായിരുന്നു ഉണ്ടായിരുന്നതെന്നത് ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ കാണിക്കുന്ന തികഞ്ഞ അലംഭാവത്തിന്റെ ഉദാഹരണമാണ്. ശക്തിയേറിയ കാറ്റടിച്ചപ്പോൾ ചെങ്കല്ലുകൾ ഇളകിമാറിയാണ് ബോർഡ് മറിഞ്ഞുവീണത്.
കെട്ടിടങ്ങൾക്കു മുകളിലും പാതയോരങ്ങളിലുമെല്ലാം യാതൊരു മാനദണ്ഡവുമില്ലാതെ നൂറുകണക്കിന് കൂറ്റൻ പരസ്യബോർഡുകൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഉത്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും പരസ്യത്തിനു പുറമേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയതലത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങളും മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ പരസ്യങ്ങളും വന്നതും പോയതും ആർക്കുമറിയാത്ത സിനിമകളുടെയും സീരിയലുകളുടെയും പരസ്യങ്ങളുമെല്ലാം അക്കൂട്ടത്തിലുണ്ട്. വർഷങ്ങൾക്കു മുമ്പേ സ്ഥാപിച്ച് പോയവർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത എത്രയോ ബോർഡുകളുണ്ട്. ഇവയുടെയെല്ലാം കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ അധികൃതരും ഗൗരവമായ ശ്രദ്ധ നല്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ ആവർത്തിച്ചേക്കാം.