ചങ്ങനാശേരി: അതിരൂപത തൊഴിലാളി പ്രസ്ഥാനമായ കേരള ലേബര്‍ മൂവ്മെന്റിന്റ (കെഎല്‍എം) ആഭിമുഖ്യത്തില്‍ മേയ്ദിനത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ റാലിയും മഹാസംഗമവും ചങ്ങനാശേരിയില്‍ നടത്തും. ഇതിനൊരുക്കമായി ഇന്ന് എല്ലാ യൂണിറ്റുകളിലും പതാകാദിനമായി ആചരിക്കും. ഇതിന്റെ അതിരൂപതാതല ഉദ്ഘാടനം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനയില്‍ നടത്തും.
30ന് യൗസേപ്പിതാവിന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വിളംബരജാഥ മണിമല ഫൊറോനയിലെ കരിമ്പനക്കുളം യൂണിറ്റില്‍നിന്നു രാവിലെ 8.30ന് ആരംഭിക്കും. അതിരൂപതയുടെ വിവിധ പള്ളികളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന് അതിരൂപതാ കേന്ദ്രത്തില്‍ എത്തിച്ചേരും. വികാരിജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
മേയ്ദിനത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി അരമനപ്പടിക്കല്നിന്ന് ആരംഭിക്കുന്ന റാലി വികാരി ജനറാള്‍ മോണ്‍.ജയിംസ് പാലയ്ക്കല്‍ ഫ്ളാഗ് ഓഫ് ചെയ്യും. മുഹമ്മ, പുളിങ്കുന്ന്, എടത്വ, ആലപ്പുഴ, ചമ്പക്കുളം, കുടമാളൂര്‍, അതിരമ്പുഴ, കോട്ടയം, മണിമല, നെടുംകുന്നം, കുറുമ്പനാടം, തുരുത്തി, തൃക്കൊടിത്താനം, ചങ്ങനാശേരി തുടങ്ങിയ 14 ഫൊറോനകളില്‍ നിന്നുള്ള കെ എല്‍ എം അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും. ചെണ്ടമേളത്തിന്റെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി കോളജിലെ ആര്‍ച്ചുബിഷപ് കാവുകാട്ട് ഹാളില്‍ എത്തിച്ചേരും.
തുടര്‍ന്നു നടക്കുന്ന തൊഴിലാളി മഹാസംഗമം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. കെഎല്‍എം യുടിഎ ചെയര്മാന് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തും.
മികച്ച വനിതാ സംരംഭക ജിലുമോള്‍ മരിയറ്റ് തോമസിനെ സമ്മേളനത്തില്‍ ആദരിക്കും. ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേകളം, സണ്ണി അഞ്ചില്‍, ജോളി നാല്പതാംകളം, സാബു കോയിപ്പള്ളി, മിനി റോയ് എന്നിവര്‍ പ്രസംഗിക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ യൂണിറ്റ്, സ്വയം സഹായ സംഘം, മികച്ച റാലി എന്നിവയ്ക്കുള്ള സമ്മാനം സമ്മേളനത്തില്‍ നല്‍കും. കെഎല്‍എം എക്സലന്‍സ് അവാര്‍ഡ്, കെഎല്‍എം ലേബര്‍ അവാര്‍ഡ് എന്നിവ നല്കി മകച്ച പ്രവര്‍ത്തകരെ ആദരിക്കും. ജോളി നാല്പതാകളം, വിജി സെബാസ്റ്റ്യന്‍, ജോസഫ് ജോണ്‍, സജിമോന്‍ ജോര്‍ജ്, അന്നമ്മ ഷാജി എന്നിവര്‍ വിവിധ കമ്മറ്റി കണ്‍വീനര്‍മാരായി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
പാര്‍ക്കിംഗ് ക്രമീകരണം
മേയ്ദിന റാലിക്കായി ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തിച്ചേരുന്നവര്‍ അരമനപ്പടിയിലോ റെയില്‍വേ ജംഗ്ഷനിലോ പ്രവര്‍ത്തകരെ ഇറക്കിയതിനു ശേഷം എസ്ബി കോളജ് ഗ്രൗണ്ട്, എകെഎം സ്കൂള്‍ ഗ്രൗണ്ട്, ബൈപ്പാസ് റോഡ് സൈഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. വലിയ ബസുകള്‍ ബൈപാസ് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുക.