എടത്വ: തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഇന്ന് നടക്കും. വൈകുന്നേരം നാലിന്് വിശുദ്ധന്റെ അദ്ഭുത തിരുസ്വരൂപം എഴുന്നള്ളിച്ച് ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റും നടക്കും. കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് ഇന്നത്തെ പ്രദക്ഷിണത്തിനു രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള ചെറിയ പ്രദക്ഷിണം ഇന്നലെ നടന്നു. കൊടിയേറ്റു മുതല്‍ പള്ളിയില്‍ വ്രതനിഷ്ഠയോടെ താമസിച്ചൊരുങ്ങിയ തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ് പ്രദക്ഷിണത്തിന് രൂപങ്ങളും കുരിശുകളും മുത്തുക്കുടകളും വഹിച്ചത്. പൂക്കളും വെറ്റിലകളുമായി നൂറുക്കണക്കിന് വിശ്വാസികള്‍ പ്രദക്ഷിണ വീഥിയില്‍ അണിനിരന്നു.
വൈകുന്നേരം 5.30 നാരംഭിച്ച പ്രദക്ഷിണത്തിന് ഫാ. ജേക്കബ് കളത്തിവീട്ടില്‍ മുഖ്യകാര്‍മികനായി. പ്രദക്ഷിണത്തിനുശേഷം രാജാക്കമംഗലം തുറയില്നിന്നെത്തിയ നൂറുകണിക്കിന് വിശ്വാസികള്‍ പള്ളിയില്‍നിന്നു അവകാശ നേര്‍ച്ചകളായ ഉപ്പ്, നല്ലമുളക്, മലര്, വലയില്‍ ചേര്‍ക്കാനുള്ള തലനൂല്‍ എന്നിവ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ കൈയില്‍നിന്ന് സ്വീകരിച്ച് രാത്രിയോടെ മടങ്ങി.
പ്രധാനതിരുനാള് ദിനമായ ഇന്നു രാവിലെ 4.30 മുതല്‍ തമിഴിലും മലയാളത്തിലും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടക്കും. മൂന്നിന് ആഘോഷമായ തമിഴ് കുര്‍ബാനയ്ക്ക് കുഴിത്തുറൈ രൂപത മെത്രാന് റവ. ഡോ. ആല്‍ബര്‍ട്ട് അനസ്താസ് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വൈകുന്നേരം നാലിനാണ് തിരുനാള്‍ പ്രദക്ഷിണം. ഫാ. ജോസഫ് ചേരേട്ട് കാര്‍മികത്വം വഹിക്കും.
നാളെ മുതല്‍ 14ന് എട്ടാമിടം വരെ നാട്ടുകാരുടെ തിരുനാളാണ്. നാനാജാതി മതസ്ഥര്‍ കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്ന വിപണന മേളകൂടിയാണ് എടത്വ പള്ളി തിരുനാള്‍. പള്ളിയില്‍ എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സഹായത്തിനുമായി 400 പോലീസുകാരെയും ആയിരത്തോളം വോളന്റി യേഴ്സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകരുടെ സ്വര്‍ണമോ പണമോ നഷ്ടപ്പെടാതിരിക്കാനുള്ള നിര്‍ദേശം തമിഴിലൂടെയും മലയാളത്തിലൂടെയും നല്‍കുന്നുണ്ട്.
ഹെല്‍പ്പ് ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, പാറശാല, കൊല്ലം, നെയ്യാറ്റിന്‍കര, കോട്ടയം, ആലപ്പുഴ, തൊടുപുഴ, എറണാകുളം, തൃശൂര്‍ എന്നിവടങ്ങളില്നിന്ന് കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ സര്‍വീസുകളും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജലഗതാഗതവകുപ്പിന്റെ താത്കാലിക ബോട്ട്സര്വീസുകളും നടത്തുന്നുണ്ട്.
എടത്വ പള്ളിയില്‍ ഇന്ന്
എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ രാവിലെ 4.30 ന് ഖാലാ ദ്ശഹറാ, വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. ജനീസ്, 5.45ന് സപ്രാ, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. റ്റോം ആര്യങ്കാല, 7.30 ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് മുണ്ടകത്തില്‍, 9ന് വിശുദ്ധ കുര്‍ബാന (തമിഴ്)- കോട്ടാര്‍ രൂപത ബിഷപ് എമരിറ്റസ് റവ. ഡോ. പീറ്റര്‍ റെമിജിയൂസ്, 10.30ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍) -തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, 12 ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന- ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, 1.30ന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. സൈമണ്‍. വൈകിട്ട് മൂന്നിന് വിശുദ്ധ കുര്‍ബാന (തമിഴ്) - കുഴിത്തുറൈ രൂപത മെത്രാന് റവ. ഡോ. ആല്‍ബര്‍ട്ട് അനസ്താസ്. നാലിന് തിരുനാള്‍ പ്രദക്ഷിണം - ഫാ. ജോസഫ് ചോരേട്ട്.
വര്‍ണവിസ്മയം തീര്‍ത്ത്
ആകാശ വിസ്മയം
എടത്വ: തിരുനാളിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരാറുള്ള ആകാശ വിസ്മയ കാഴ്ച്ച എടത്വ കെഎസ്ഇബി ഓഫീസിനു മുമ്പിലുള്ള പമ്പാനദിയില്‍ ബര്ജിനു മുകളിലായി നടത്തി. ആദ്യ തിരി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കൊളുത്തി. ഒരുമണിക്കൂറോളം ആകാശത്ത് വിസ്മയം വിരിയിച്ച ഈ മനോഹാരിത തിരുനാളിന് എത്തിയ തീര്‍ഥാടകരുടെ കണ്ണിനും മനസിനും കുളിര്‍മ നല്കുന്ന ഒരു കാഴ്ചയായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ഈ കലാപ്രകടനത്തിന് സാക്ഷികളായത് പതിനായിര കണക്കിന് തീര്‍ഥാടകരാണ് മുന്‍കാലങ്ങളില്‍ വന്‍തുക കൊടുത്തു നടത്തിയിരുന്ന വെടിക്കെട്ട് ഇപ്പോള്‍ ചെലവ് ചുരുക്കിയാണ് നടത്താറുള്ളത്. ഇതില്‍നിന്നും മിച്ചം ലഭിക്കുന്ന തുക ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കുമെന്ന് കണ്‍വീനര്‍ റെജി ചക്കനാട്ട് പറഞ്ഞു.