എംവിഐപി കനാല്‍ ശുചീകരണം: മൂന്നാഘട്ടം പൂര്‍ത്തിയായി
1422703
Wednesday, May 15, 2024 6:07 AM IST
കുറുപ്പന്തറ: ഓമല്ലൂര്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന എംവിഐപി കനാല്‍ ശുചികരണത്തിന്റെ മൂന്നാഘട്ടം പൂര്‍ത്തിയായി. കാടും പള്ളയും മാലിന്യങ്ങളും നിറഞ്ഞ എംവിഐപി കനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഘട്ടംഘട്ടമായി വൃത്തിയാക്കി വരികയാണ്.
ഓമല്ലൂര്‍ പ്രദേശത്തെ കനാല്‍ ശുദ്ധീകരണത്തിന്റെ മൂന്നാംഘട്ടം ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്തു. ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെംബര്‍ ചാക്കോ മത്തായി അധ്യക്ഷത വഹിച്ചു.
ഓമല്ലൂര്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന രണ്ടുകിലോമീറ്റോളം ദൂരം കനാല്‍ വൃത്തിയാക്കി തെളിനീരൊഴുകുന്ന കനാലാക്കി മാറ്റിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കനാല്‍ വൃത്തിയാക്കിയ ശേഷം വരുംകാലങ്ങളിലും കനാല്‍ സംരക്ഷിക്കാനും തുടര്‍പദ്ധതിയായി ഇതുമുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് നാട്ടുകാരുടെ തീരുമാനം.
എല്ലായിടത്തും നാട്ടുകാര്‍ സംഘടിച്ചു കനാല്‍ വൃത്തിയാക്കി സൂക്ഷിച്ചാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും തങ്ങള്‍ തുടങ്ങിവച്ച പദ്ധതി മറ്റുള്ളവരും മാതൃകയാക്കിയാല്‍ കനാലും പരിസരവും ടൂറിസ സൗഹൃദ പ്രദേശമാക്കാനാവുമെന്നും ഇവര്‍ പറയുന്നു.
കനാല്‍ ഭംഗിയാക്കല് പ്രവൃത്തികള്‍ക്ക് ജോയി ജോസഫ്, ജിമ്മി പാളിയില്‍, കെ. ജോസ്, സണ്ണി കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. നാലാംഘട്ടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. പ്രഗത്ഭരായ പലരും പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന കനാല്‍ ശുചീകരണ പദ്ധതിക്ക് ആശസകളും പിന്തുണയുമായെത്തിയിട്ടുണ്ട്.