പരിസ്ഥിതി പ്രവര്‍ത്തകയുടെ പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരേ കേസ്
1422705
Wednesday, May 15, 2024 6:07 AM IST
കടുത്തുരുത്തി: പുറമ്പോക്ക് ഭൂമിയിലെ കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ സമരത്തെയും തര്‍ക്കത്തെയും തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫിന്റെ പരാതിയില്‍ മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്. തിങ്കളാഴ്ച മാഞ്ഞൂരിലെ ഷാജിമോന്റെ സ്ഥാപനമായ ബിസാ ക്ലബ്ബിന് മുന്നില്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരം വാക്കേറ്റത്തിലും ബഹളത്തിലുമാണ് കലാശിച്ചത്.
ചാലക്കുടി സ്വദേശിനിയായ പ്രഫ. കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ ഷാജിമോന്റെ സ്ഥാപനത്തിന് മുമ്പിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ ഷാജിമോന്‍ ജോര്‍ജും സംഘവും തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് പോലീസ് സംഘമെത്തിയാണ് രംഗം ശാന്തമാക്കിയത്. ഷാജിമോന്‍ ഗുണ്ടയെപ്പോലെ പെരുമാറിയെന്ന് കുസുമം ജോസഫ് ആരോപിച്ചു.
ആരുടെയോ കൈയില്‍നിന്ന് പണം വാങ്ങി തന്റെ സ്ഥാപനത്തെ തകര്‍ക്കാനാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് ഷാജിമോന്‍ കുറ്റപ്പെടുത്തി. ഷാജിമോന്റെ സ്ഥാപനത്തിന് മുന്നിലെ റോഡില്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന കൂറ്റന്‍ പ്ലാവ് കരിഞ്ഞതിനെ ചൊല്ലിയുള്ള വിവാദമാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്.