ഗേറ്റ് പരീക്ഷയിൽ ആർഐടി വിദ്യാർഥികൾക്കു മികച്ചനേട്ടം; രക്ഷാകർതൃ സമിതി അനുമോദിച്ചു
1422710
Wednesday, May 15, 2024 6:18 AM IST
പാമ്പാടി: എൻജിനിയറിംഗ് സയൻസിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് ) പരീക്ഷയിൽ പാമ്പാടി ഗവ. എൻജിനിയറിംഗ് കോളജിൽ (ആർഐടി) 71 വിദ്യാർഥികൾ ഉപരിപഠനത്തിനു യോഗ്യത നേടി.
എൻജിനിയറിംഗ്, സയൻസ് മേഖലകളിലെ ഉദ്യോഗാർഥികളുടെ അഭിരുചിയും വിഷയ പരിജ്ഞാനവും വിലയിരുത്തുന്ന ദേശീയ തല പരീക്ഷയാണ് ഗേറ്റ്. ആദ്യമായിട്ടാണ് ഇത്രയധികം കുട്ടികൾ ഒരുമിച്ച് കോളജിൽനിന്ന് പാസാകുന്നത്.
13-ാം റാങ്ക് വരെ ലഭിച്ച വിദ്യാർഥികൾ ഉണ്ട്. നാല് വിദ്യാർഥികൾ സീഡ് (കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസെെൻ) പരീക്ഷയിലും വിജയം കൈവരിച്ചു. കോളജിന്റെ അക്കാദമിക് നിലവാരത്തിലുള്ള ഉയർച്ചയാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. എ. പ്രിൻസ് പറഞ്ഞു.
ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ കോളജിന്റെ രക്ഷാകർതൃ സമിതി പൊതുയോഗത്തിൽ എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം റെജി സക്കറിയ ഉപഹാരം നൽകി ആദരിച്ചു. പിടിഎ പ്രസിഡന്റ് വി.എം. പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ജോൺസൺ മാത്യു,തുടങ്ങിയവർ പ്രസംഗിച്ചു.