സമൂഹത്തിന്റെ മുറിവുകള്‍ സുഖപ്പെടുത്തുന്നതാവണം സാമൂഹ്യപ്രവർത്തനം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1422722
Wednesday, May 15, 2024 10:30 PM IST
പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യ ശക്തീകരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സമൂഹത്തിലാകെയും വിശിഷ്യാ കാര്‍ഷിക മേഖലയിലും നിലനില്‍ക്കുന്ന പ്രതിസന്ധിയില്‍നിന്നു സമൂഹത്തെ രക്ഷിക്കാന്‍ നമുക്കാവണം.
കാര്‍ഷിക മൂല്യവര്‍ധനയും തൊഴിലവസരങ്ങളും വരുമാന വര്‍ധനവും ലക്ഷ്യം വച്ച് രൂപതാ കേന്ദ്രത്തില്‍നിന്ന് ഏഴേക്കര്‍ സ്ഥലം മുണ്ടുപാലത്ത് സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ അനുവദിക്കപ്പെട്ടതായും അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളതായും ബിഷപ് പറഞ്ഞു.
അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ശില്‍പ്പശാലയില്‍ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു.
ഡോ. ഇ.കെ. രാധാകൃഷ്ണന്, ബൈജു നെടുങ്കേരി, ഫാ. തോമസ് കിഴക്കേല്‍, ഫാ. ജോസഫ് താഴത്തു വരിക്കയില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, സിബി കണിയാംപടി, പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.