കണമലയിലെ കാട്ടുപോത്ത് ആക്രമണം; കണ്ണീരോര്മയ്ക്ക് ഒരു വര്‍ഷം
1422760
Wednesday, May 15, 2024 11:24 PM IST
കോട്ടയം: കണമലയില്‍ അയല്‍വാസികളായ രണ്ട് ഗ്രാമീണകര്‍ഷകരെ കാട്ടുപോത്ത് കുത്തിക്കൊന്നതിന്റെ ഭയാനക ഓര്‍മകള്‍ക്ക് ഒരു വയസ്. വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന കണമല പുറത്തേല്‍ ചാക്കോ (65), പുരയിടത്തില്‍ റബര്‍ ടാപ്പിംഗ് നടത്തുകയായിരുന്ന പ്ലാവനാല്‍കുഴിയില്‍ തോമസ് ആന്റണി(65) എന്നിവരാണ് കഴിഞ്ഞ വര്‍ഷം മേയ് 19ന് രാവിലെ കൊല്ലപ്പെട്ടത്. ചാക്കോ സംഭവസ്ഥലത്തും തോമസ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
പമ്പ വനത്തില്‍നിന്ന് കാട്ടുപോത്ത് നാലു കിലോമീറ്റര്‍ അകലെ കണമല ഗ്രാമത്തില്‍ അട്ടിവളവിനു സമീപമെത്തിയാണ് രണ്ടുപേരെയും ആക്രമിച്ചത്.
വയറ്റിലും തലയിലും ആഴത്തില്‍ മുറിവേറ്റ ഇരുവരും അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സാമ്പത്തികമായി വലിയ ബാധ്യതകളും പരിമിതികളാണ് രണ്ടു കുടുംബങ്ങള്ക്കുമുണ്ടായിരുന്നത്. രണ്ടു ഘട്ടമായി പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചെങ്കിലും ആശ്രിതര്‍ക്ക് ജോലി, വിധവാ പെന്ഷന്, ബാങ്ക് ബാധ്യത എഴുതിത്തള്ളല്‍ തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
ഏഴു പതിറ്റാണ്ടായി ജനങ്ങള്‍ കൃഷി ചെയ്തു താമസിക്കുന്ന കണമലയില്‍ കാട്ടുപോത്ത് മിന്നലാക്രമണം നടത്തിയപ്പോഴും വനപാലകരുടെ വിശദീകരണം വിചിത്രമായിരുന്നു. കാട്ടില്‍ ഏതുവിധേനയോ പരിക്കേറ്റതിനാലാണ് പോത്ത് പാഞ്ഞുവന്നതെന്നായിരുന്നു കണ്ടെത്തല്‍. ഈ ദുരന്തത്തിന് തുടര്‍ച്ചയായി അയല്‍ഗ്രാമമായ തുലാപ്പള്ളി വട്ടപ്പാറ പുളിയന്‍കുന്ന് മലയില്‍ കുടിലില്‍ ബിജു(52)വിനെ മാര്‍ച്ച് 31ന് രാത്രി കൃഷിയിടത്തിലെത്തിയ കാട്ടാന കുത്തിക്കൊന്നു.
ഒരേ പ്രദേശത്ത് മൂന്നു പേരെ വന്യമൃഗങ്ങള്‍ അരുംകൊല ചെയ്തിട്ടും ജൈവവേലി ഉള്‍പ്പെടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. രണ്ടു സംഭവങ്ങളിലും കണമല ഫോറസ്റ്റ് സ്റ്റേഷനു മുന്നില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും റോഡ് ഉപരോധവും സംഘടിപ്പിക്കപ്പെട്ടു.
ജീവനും സ്വത്തിനും സുരക്ഷ ആവശ്യപ്പെട്ടു സമരം നടത്തിയ ദേശവാസികള്‍ക്കെതിരേ പോലീസും വനംവകുപ്പും നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കാട്ടുപോത്തും കാട്ടാനയും കുരങ്ങും കാട്ടുപന്നിയും ഉള്‍പ്പെടെ വനജീവികളെക്കൊണ്ട് പൊറുതിമുട്ടുകയാണ് കണമല, ഏഞ്ചല്‍വാലി, തുലാപ്പള്ളി പ്രദേശങ്ങളിലെ കര്‍ഷകര്‍. അടുത്തയിടെയും കടുവയും പുലിയും ജനവാസമേഖലയിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച സംഭവങ്ങൾ അരങ്ങേറി.