ദുരന്തനിവാരണത്തിൽ നൂതന സംവിധാനങ്ങളുടെ സാധ്യതകൾ; പരിശീലന പരിപാടി ആരംഭിച്ചു
1422907
Thursday, May 16, 2024 7:03 AM IST
കോട്ടയം: ദുരന്ത നിവാരണ മേഖലയിൽ ഡ്രോൺ ഉൾപ്പെടെയുള്ള നൂതന സർവേ-മാപ്പിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച പരിശീലനം മഹാത്മാ ഗാന്ധി സർവകലാശാലയിൽ ആരംഭിച്ചു. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസും ഐഎസ്ആർഒയും സംയുക്തമായാണു പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര നിലവാരത്തിലുള്ള ദുരന്ത നിവാരണ പരിശീലന പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിനു സർവകലാശാലയ്ക്ക് സാധിച്ചിട്ടുണ്ട്. ഐഎസ്ആർഒയുടെ ദുരന്ത നിവാരണ സഹായ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ, ഡീൻ ഡോ. കെ.ആർ. ബൈജു, കോ-ഓർഡിനേറ്റർ ഡോ. എബിൻ വർഗീസ്, ഡോ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി 19ന് സമാപിക്കും.