ജില്ലയിൽ പോലീസ് സ്പെഷൽ ഡ്രൈവ് നടത്തി
1422908
Thursday, May 16, 2024 7:03 AM IST
കോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായും ഇന്നലെ ജില്ലയിലുടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരെയും എസ്എച്ച്ഒമാരെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിശോധന.
പരിശോധനയിൽ എൻഡിപിഎസ് ആക്ട് പ്രകാരം 14 കേസും, അബ്കാരി ആക്ട് പ്രകാരം 43 കേസും കോട്പ ആക്ട് പ്രകാരം 47 കേസും കൂടാതെ മദ്യപിച്ചും അലക്ഷ്യമായും വാഹനമോടിച്ചതിന് 158 കേസുകളും ഉൾപ്പെടെ 262 കേസുകൾ രജിസ്റ്റർ ചെയ്തു. വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലോഡ്ജൂകൾ, ഹോംസ്റ്റേകൾ എന്നിങ്ങനെ 173 ഇടങ്ങളിൽ പ്രത്യേക പരിശോധനയും നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 126 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് വാഹന പരിശോധനയും, കൂടാതെ ബസ്സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡിനെ ഉള്‍പ്പെടുത്തി പ്രത്യേക പരിശോധനയും നടത്തി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധന ബുധനാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്നു.