കടമാന്ചിറയിലെ മോഷണം: സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
1422918
Thursday, May 16, 2024 7:17 AM IST
ചങ്ങനാശേരി: കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ വാടക വീട്ടിൽ നടന്ന മോഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തത ലഭിക്കാതെ പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
ചങ്ങനാശേരി മാര്‍ക്കറ്റ് സ്വദേശി കൊച്ചുപറമ്പില്‍ ജോസി വര്‍ഗീസിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രൂപയും ഒന്നരപ്പവൻ സ്വര്‍ണവുമാണ് മോഷണം പോയത്. ജോസിയുടെ ഭാര്യ സൗമ്യ ജോലിക്കായി കാനഡയ്ക്കു പോകുന്നതിനായി വിമാന ടിക്കറ്റ് ബുക്കു ചെയ്യുന്നതിനു ബാങ്കില്‍ നിന്നെടുത്ത് അലമാരയില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിക്കപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അയല്പക്കത്തെ വീടിന്റെ സിസിടിവിയില്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. സമീപത്തെ മറ്റ് മൂന്നു വീടുകളിലും മോഷണശ്രമം നടന്നിരുന്നു.
വീടിന്റെ അടുക്കള ഭാഗത്തെ കതക് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയുടെ പൂട്ടുപൊളിച്ചാണ് പണവും സ്വര്‍ണവും കവര്‍ന്നത്. സ്വര്‍ണവും പണവും മോഷ്ടിച്ചശേഷം ബാഗും പഴ്സുകളും മറ്റ് രേഖകളും വലിച്ചെറിഞ്ഞാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.
ഒന്നരമാസം മുമ്പ് പെരുന്നയിലെ വീടുകളില്‍ നടന്ന മോഷണം സംബന്ധിച്ചും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടില്ല. ചങ്ങനാശേരിയിലും സമീപ ഗ്രാമങ്ങളിലും മോഷ്ടാക്കളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും പ്രവര്‍ത്തനം ശക്തിപ്പെട്ടതായി സൂചനകളുണ്ട്.