കഞ്ഞിക്കുഴി പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു
1422224
Monday, May 13, 2024 3:26 AM IST
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ച മുമ്പ് എറണാകുളത്ത് ജോലിക്കു പോയി തിരികെയെത്തിയ ആൾക്കാണ് ഡെങ്കിപ്പനി ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലേക്കും ഡെങ്കിപ്പനി പടർന്നു. ഡെങ്കിപ്പനി ബാധിച്ച നാലു പേർ ഇപ്പോൾ കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ചികിത്സയിലാണ്.
അന്യ ജില്ലകളിൽനിന്നും പനി ബാധിച്ചെത്തുന്നവരും നിരീക്ഷണത്തിലാണ്. മറ്റു ജില്ലകളിൽ ഹോം നഴ്സായും മറ്റും ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഒാഫീസർ അറിയിച്ചു. പനി പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
പഞ്ചായത്തിൽ കൊതുകുശല്യം വർധിക്കുന്നതും പനി പടരുമെന്ന ആശങ്കക്ക് കാരണമായിട്ടുണ്ട്. കൊതുകു നിവാരണത്തിനായി ഉറവിടനശീകരണം, ഫോഗിംഗ്, കൊതുകുവല വിതരണം തുടങ്ങിയ പദ്ധതികൾ പഞ്ചായത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആരംഭിച്ചു.
11 പേരടങ്ങുന്ന സംഘം വാർഡുകളിൽ സേവനം തുടങ്ങി. ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും നടക്കുന്നത്.
പഞ്ചായത്തിൽ കൊതുക് വർധിക്കാതിരിക്കാനും കൊതുകിന്റെ കടിയേൽക്കാതിരിക്കാനും ആളുകൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
കൊക്കോത്തൊണ്ട്, ജാതിക്കാത്തൊണ്ട്, ചകിരി, ചിരട്ട തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. മൃഗങ്ങൾ ഭക്ഷിച്ച ശേഷം ബാക്കി നില്ക്കുന്ന കൊക്കോ കായകൾ ശേഖരിച്ച് മണ്ണിൽ കുഴിച്ചുമൂടുകയോ മഴ നനയാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ ചെയ്യേണ്ടതാണെന്നും ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സരീഷ് ചന്ദ്രൻ അറിയിച്ചു.