ദൗത്യബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ
1422225
Monday, May 13, 2024 3:26 AM IST
എരുമേലി: ദൗത്യബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാ ദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തപ്പെട്ട നേതൃസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ പുളിക്കൽ.
ദൈവമാണ് വിളിച്ച് നിയോഗിച്ച് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യം നമ്മുടെ ദൗത്യം ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നതിന് ശക്തിപ്പെടുത്തുമെന്നും മാർ ജോസ് പുളിക്കൽ അനുസ്മരിപ്പിച്ചു.
എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കുടുംബക്കൂട്ടായ്മ ലീഡേഴ്സും പങ്കെടുത്ത സംഗമം രാവിലെ ഒന്‍പതിന് രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അർപ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു.
നേതൃസംഗമത്തില്‍ കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍, ഇടുക്കി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ ക്രൈസ്തവ നേതൃത്വം സംബന്ധിച്ച് പ്രസംഗിച്ചു.
വിവിധ ഇടവകകളിൽ നിന്നു പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന് രൂപതാദിന ജനറൽ കൺവീനർ ഫാ. വർഗീസ് പുതുപ്പറമ്പിൽ, ഫാ. ഏബ്രാഹം തൊമ്മിക്കാട്ടിൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, ഫാ. ജിമ്മി കളത്തിൽ, ഫാ. ആന്റണി കോട്ടൂർ എന്നിവർ നേതൃത്വം നൽകി.