നാട്ടുകാർക്ക് ദുരിതം സമ്മാനിച്ച് കുണിഞ്ഞി ജംഗ്ഷനിൽ വെള്ളക്കെട്ട്
1422226
Monday, May 13, 2024 3:26 AM IST
കുണിഞ്ഞി: പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞി ജംഗ്ഷനിൽ രൂപപ്പെട്ട വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. ഹോമിയോ ഡിസ്പെൻസറി, റേഷൻ കട, പബ്ലിക് ലൈബ്രറി ,പോസ്റ്റ് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് മഴ പെയ്യുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വലിയ തോതിലാണ് ഇവിടെ വെള്ളക്കെട്ടുണ്ടായത്. റേഷൻ വാങ്ങാൻ വരുന്ന ജനങ്ങളും ഹോമിയോ ആശുപത്രിയിൽ വരുന്ന രോഗികളും ഉൾപ്പെടെ നാട്ടുകാർ വലിയ ദുരിതമാണ് ഇതു മൂലം അനുഭവിക്കുന്നത്.
റോഡിനു സമീപം വീഴുന്ന മഴ വെള്ളം സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കൂടിയാണ് ഒഴുകിപ്പോയിരുന്നത്. എന്നാൽ ഇവർ മണ്ണിട്ട് ഉയർത്തിയും കരിങ്കല്ല് കെട്ടിയും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയതാണ് വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ ഓടകൾ നിർമിയ്ക്കാം എന്ന് ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതും നടപ്പിലായില്ല.
തകർന്നുകിടന്ന റോഡിൽ ഓട നിർമിക്കാതെ അറ്റകുറ്റപ്പണിയും ടാറിംഗും നടത്തിയതാണ് ഇപ്പോൾ വലിയ വെള്ളക്കെട്ടുണ്ടാകാൻ കാരണം. ഈ റോഡിലൂടെയാണ് കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്കൂളിലേയ്ക്കുള്ള വിദ്യാർഥികളും , പള്ളി എന്നിവിടങ്ങളിലേയ്ക്കുള്ള ജനങ്ങളും നടന്നുപോകുന്നത്. വാഹനം കടന്നുപോകുന്പോൾ കാൽനടയാത്രക്കാർക്കും ഇതു വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
എല്ലാവർക്കും ദുരിതമാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ റോഡ് ഉയർത്തിയോ ഓട തീർത്തോ വെള്ളം ഒഴുകിപ്പോകാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.