സിബിഎസ്ഇ പരീക്ഷ: ജില്ലയിലെ സ്കൂളുകൾക്ക് മികച്ച നേട്ടം
1422349
Monday, May 13, 2024 11:18 PM IST
തൊടുപുഴ: സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസ് പരീക്ഷകളിൽ തൊടുപുഴ മേഖലയിലെ സ്കൂളുകൾ മികച്ച വിജയം നേടി. ജില്ലയിൽ മിക്ക സ്കൂളുകളും നൂറു ശതമാനം വിജയം നേടി. തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളിന് നൂറുമേനി വിജയം ലഭിച്ചു. പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 72 കുട്ടികളിൽ ഏഴു പേർ എല്ലാ വിഷയങ്ങൾക്കും എ വണ്‍ നേടി. 55 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 15 കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അഞ്ചു വിദ്യാർഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്കു നേടി. 24 പേർ ഡിസ്റ്റിംഗ്ഷനും 15 കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി.
വിമല പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 131 പേരിൽ 103 പേർക്ക് ഡിസ്റ്റിംഗ്ഷനും 28 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പന്ത്രണ്ടാം ക്ലാസിൽ 115 കുട്ടികൾ പരീക്ഷയെഴുതിയതിൽ 12 പേർക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. 108 പേർക്ക് ഡിസ്റ്റിംഗ്ഷനും ഏഴു പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിന് പ്ലസ് ടു സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 100 ശതമാനം വിജയം ലഭിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ ഒരു വിദ്യാർഥി എല്ലാ വിഷയത്തിനും എ.വണ്‍ നേടി. തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയതിൽ ഒൻപത് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വണ്‍ കരസ്ഥമാക്കി.
സിബിഎസ്ഇ 10-ാം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. പത്താം ക്ലാസിൽ നാലു പേർക്ക് എല്ലാ വിഷയങ്ങൾക്കും എ വണ്‍ ലഭിച്ചു. പ്ലസ് ടുവിന് രണ്ടു പേർ എല്ലാ വിഷയത്തിനും എ വണ്‍ നേടി.
അണക്കര മോണ്ട്ഫോർട്ട് സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പരീക്ഷയെഴുതിയ 115 പേരും വിജയിച്ചു. 14 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ വണ്‍ നേടി. പത്താം ക്ലാസ് പരീക്ഷയെഴുതിയ 147 കുട്ടികളും വിജയിച്ചു. 10 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും 90 ശതമാനം വിജയം നേടി.