കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം
1422353
Monday, May 13, 2024 11:18 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. എരുമേലി ഫൊറോന പള്ളിയിൽ രാവിലെ 9.30ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ വൈദികരും സന്യസ്തരുമുള്‍പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധിസമ്മേളനത്തില്‍ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സന്ദേശം നല്കി.
കൂട്ടായ്മയുടെ സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടവരെന്ന നിലയിൽ ദൈവാരാധനയിൽ ഒന്നു ചേരുന്ന സമൂഹം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി വർത്തിക്കുമെന്ന് രൂപതാധ്യക്ഷൻ ആമുഖ സന്ദേശത്തിൽ പറഞ്ഞു.
ഇടുക്കി രൂപതാധ്യക്ഷൻ മാര്‍ ജോൺ നെല്ലിക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ആഴമുള്ള വിശ്വാസത്തിൽനിന്നാണ് യഥാർഥ സാക്ഷ്യജീവിതം പിറക്കുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്നോട്ട് നീങ്ങുന്ന വീഥികൾ എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതയില്‍ യുവജന വര്‍ഷമായി മാര്‍ ജോസ് പുളിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത രൂപതാദിന വേദിയായ അണക്കര ഫൊറോനയ്ക്ക് ബിഷപ് പുളിക്കൽ ജൂബിലിതിരി കൈമാറി.
മികച്ച സംരംഭകരായി തെരഞ്ഞടുക്കപ്പെട്ട വെബ് ആൻഡ് ക്രാഫ്റ്റ്സ് ഐടി കമ്പനി ഉടമ ജിലു ജോസഫ് മറ്റപ്പള്ളിൽ, റിഫോം ബിൽഡേഴ്സ് ഉടമ ജോസി ജോസഫ് തെക്കുപുറത്ത് എന്നിവരെ ആദരിച്ച് വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പ്രസംഗിച്ചു.
വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് രൂപതാ വികാരി ജനറാൾ റവ. ഡോ. കുര്യന് താമരശേരി ആശംസകളര്‍പ്പിച്ചു. ഫേസ് ഓഫ് ദ ഫേസ് ലെസ് ചലച്ചിത്രം പൂർത്തീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബേബിച്ചൻ ഏർത്തയിൽ, മികച്ച തഹസിൽദാർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ബെന്നി മാത്യു വട്ടയ്ക്കാട്ട്, മൈക്രോ വാഷിംഗ് മെഷീൻ സാങ്കേതിക വിദ്യ കണ്ടുപിടിച്ച സെബിൻ സജി കരോട്ട്പുതിയാത്ത് എന്നിവരെയും ആദരിച്ചു.
വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, തിരുഹൃദയ സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മേരി ഫിലിപ്പ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജനറൽ കൺവീനർ ഫാ. വർഗീസ് പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.