അരങ്ങൊഴിഞ്ഞത് നാടകത്തെ സ്നേഹിച്ച എംസി കട്ടപ്പന
1422619
Wednesday, May 15, 2024 3:16 AM IST
കട്ടപ്പന: നാടകത്തെ സ്നേഹിച്ച അത്യുല്യനടനായിരുന്നു വിടപറഞ്ഞ എം.സി കട്ടപ്പന എന്ന എം.സി. ചാക്കോ. നാടകത്തിലൂടെ കടന്നുവന്നു സീരിയൽ, സിനിമാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചാണ് അദ്ദേഹം കടന്നുപോകുന്നത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു.
2007 ൽ മികച്ച നാടകനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരത്തിന് അർഹനായി. കൊല്ലം അരീനയുടെ ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. ഇതിൽ എം.സി. കട്ടപ്പനയുടെ കർഷകന്റെ കഥാപാത്രം ഏറെ പ്രശംസ നേടി.
1977 ൽ ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകവേദികളിലെ അരങ്ങേറ്റം. തുടർന്നു മുപ്പതോളം പ്രഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ വേഷമിട്ടു. സർക്കാർ സർവീസിനിടയിലാണ് അഭിനയവും എം.സി കട്ടപ്പന ഒന്നിച്ചുകൊണ്ടുപോയത്. പകൽ, കാഴ്ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയമോഹം ഉള്ളിൽ കൊണ്ടുനടന്ന കാലത്താണ് മൃഗസംരക്ഷണ വകുപ്പിൽ ക്ലാർക്കായി ഉദ്യോഗം ലഭിച്ചത്. ഔദ്യോഗിക ജീവിതത്തിനിടയിലും നാടകാഭിനയവും സംവിധാനവും ഒരു കുടക്കീഴിൽ എന്നപോലെ കൊണ്ടുപോകാനായി ഈ കലാകാരന്.
പിതാവും സഹോദരങ്ങളും ഇടുക്കി ജില്ലയിലെ കട്ടപ്പനയിലായിരുന്നതിനാൽ മണിമലയിൽ നിന്നു തന്റെ ജീവിതവും അവിടേക്കു പറിച്ചുനടുകയായിരുന്നു എംസി കട്ടപ്പന.സംവിധായക കുപ്പായമിട്ട എംസിയാണ് ചങ്ങനാശേരി അണിയറയുടെ ആദ്യകാല ഹിറ്റുകളെല്ലാം അണിയിച്ചൊരുക്കിയത്. ഓടയിൽനിന്നിലെ എംസിയുടെ അഭിനയം കണ്ട ബ്ലെസിയാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്.
നാടകവേദികളിലൂടെയുള്ള അലച്ചിലിനു ശാരീരികാസ്വാസ്ഥ്യം വിഘാതമായതോ ടെയാണ് അവസാനകാലത്ത് മനസില്ലാ മനസോടെ നാടകത്തിൽനിന്നു പിൻമാറുന്നത്.