ആ പുഞ്ചിരി മാഞ്ഞു
1422818
Thursday, May 16, 2024 3:25 AM IST
നെടുങ്കണ്ടം: സൗമ്യമായ ആ പുഞ്ചിരി മാഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച കൈലാസപ്പാറ ഞാവള്ളില്‍ സ്കറിയാ ജോസിനെ യാത്രയാക്കാനെത്തിയത് ആയിരങ്ങൾ. തിങ്കളാഴ്ചയാണ് പ്ലാന്ററും യുവ വ്യവസായിയുമായ സ്കറിയാ ജോസ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ആശുപത്രിയിലും വീട്ടിലുമായി എത്തിയത് പ്രമുഖരാണ്.
ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നിട്ടും എന്നും സാധാരണക്കാരോട് ഇടപഴകിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ലാളിത്യം തുളുമ്പുന്നതായിരുന്നു സംസാരം. തൊഴിലാളികളോടും പാവപ്പെട്ടവരോടും അകമഴിഞ്ഞ കാരുണ്യവും സ്നേഹവും പ്രകടിപ്പിച്ചിരുന്നു. കൈലാസപ്പാറയില്‍ സെന്റ് ജൂഡ് കപ്പേളയ്ക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കുകയും കപ്പേള നിര്‍മിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തത് ഞാവള്ളില്‍ കുടുംബമാണ്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ മൃതദേഹം കൈലാസപ്പാറയിലെ സ്വവസതിയില്‍ എത്തിച്ചപ്പോള്‍ തുടങ്ങിയ അണമുറിയാത്ത ജനപ്രവാഹം ഇന്നലെ ഉച്ചയോടെ സംസ്കാര ചടങ്ങുകള്‍ അവസാനിച്ചതുവരെ തുടര്‍ന്നു.
കൈലാസപ്പാറ സെന്റ് ജൂഡ് കപ്പേളയിലാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ഇടുക്കി രൂപത വികാരി ജനറാള്‍ മോൺ. ജോസ് പ്ലാച്ചിക്കല്‍ കാര്‍മികത്വം വഹിച്ച് അനുശോചന സന്ദേശം നല്കി. മോൺ. ഏബ്രഹാം പുറയാറ്റ്, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. ജിൻസ് കാരക്കാട്ട്, ഫാ. ജോർജ് തകിടിയേൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.
മൈലാടുംപാറ വേളാങ്കണ്ണിമാതാ പള്ളിയില്‍ നടന്ന ചടങ്ങിന് കാഞ്ഞിരപ്പള്ളി ബിഷപ് എമരിറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. ഇടുക്കി രൂപത മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേൽ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, എം.എം. മണി എംഎല്‍എ, മുന്‍ എംപി ജോയ്സ് ജോര്‍ജ്,
അപു ജോൺ ജോസഫ്, ഇ.എം. ആഗസ്തി, സിനിമാ നടനും സംവിധായകനുമായ ലാൽ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ, മോഹനന്, മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍, വിവിധ ഏലം കര്‍ഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയ പ്രമുഖര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.