മി​ന്നി​ത്തി​ള​ങ്ങി "നി​ശ​ബ്ദ വ​സ​ന്തം'
Monday, April 29, 2024 1:14 AM IST
എം.​വി. വ​സ​ന്ത്

പാലക്കാട്: കൊ​ടും​കാ​ട്ടി​നു​ള്ളി​ലെ കൂ​രി​രു​ട്ടി​ല്‍ സീ​രി​യ​ല്‍ ബ​ള്‍​ബ് തെ​ളി​യി​ച്ചാ​ല്‍ എ​ങ്ങ​നെ​യു​ണ്ടാ​കും? അ​തി​നു വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി വാ​ങ്ങേ​ണ്ടി​വ​രി​ല്ലേ​യെ​ന്നു ചോ​ദി​ക്കാ​ന്‍ വ​ര​ട്ടെ.. പ്ര​കൃ​തി​യൊ​രു​ക്കു​ന്ന ഈ ​അ​ത്യ​പൂ​ര്‍​വ​ കാ​ഴ്ച കാ​ണാം നെ​ല്ലി​യാ​മ്പ​തി​യി​ലെ ഉ​ള്‍​ക്കാ​ടു​ക​ളി​ൽ.

മി​ന്നാ​മി​നു​ങ്ങു​ക​ളു​ടെ പ്ര​ജ​ന​ന പ്ര​ണ​യ കു​സൃ​തി​ക​ൾ എ​ന്ന​തി​നു​മ​പ്പു​റം ലോ​ക​ത്ത് ചി​ല​യി​ട​ത്തു​മാ​ത്രം ക​ണ്ടുവ​രു​ന്ന പ്ര​തി​ഭാ​സ​ത്തി​നാ​ണ് നെ​ല്ലി​യാ​മ്പ​തി വീ​ണ്ടും സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.
മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ് നെ​ല്ലി​യാ​മ്പ​തി പാ​ട​ഗി​രി​യി​ൽനി​ന്നു കാ​ര​പ്പാ​റ- വി​ക്ടോ​റി​യ റൂ​ട്ടി​ലെ മ​ര​ങ്ങ​ളും പൊ​ന്ത​ക്കാ​ടു​ക​ളു​മെ​ല്ലാം. അ​ക​മ്പ​ടി​ക്കു രാ​ത്രി​യു​ടെ നി​ഗൂ​ഢ​മാ​യ ക​റു​പ്പും ത​ണു​പ്പും കൂ​ടി​യാ​കു​മ്പോ​ൾ കാ​ഴ്ച അ​ത്യ​പൂ​ർ​വ​ത​യെ​ന്ന അ​തി​ർ​വ​ര​മ്പും ക​ട​ക്കു​ന്നു. പ​തി​നാ​യി​ര​ക്ക​ണ​ത്തി​നു മി​ന്നാ​മി​നു​ങ്ങു​ക​ളാ​ണ് കി​ലോ​മീ​റ്റ​റു​ക​ൾ നീ​ളു​ന്ന ഇ​ത്ത​ര​മൊ​രു കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന​ത്.

വ​ർ​ഷംതോ​റും നെ​ല്ലി​യാ​മ്പ​തി​യി​ൽ മാ​ർ​ച്ച് മു​ത​ൽ മേ​യ് പ​കു​തി​വ​രെ ര​ണ്ട​ര മാ​സ​ക്കാ​ല​ത്തോ​ളം ദൃ​ശ്യ​മാ​കു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന മി​ന്നാ​മി​നു​ങ്ങു​ക​ൾ ഇ​രു​ട്ടു തു​ട​ങ്ങി​യ ശേ​ഷം സൂ​ര്യ​നു​ദി​ക്കും​വ​രെ കാ​ട്ടി​നു​ള്ളി​ൽ പ്ര​കാ​ശി​ച്ചു നി​ൽ​ക്കു​ന്ന കാ​ഴ്ച ലോ​ക​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കാ​ണാ​നാ​വു​ക.

പ്ര​കൃ​തി​യൊ​രു​ക്കു​ന്ന നി​ശ​ബ്ദ വ​സ​ന്ത​മെ​ന്നാ​ണ് മി​ന്നാ​മി​നു​ങ്ങു​ക​ളു​ടെ മി​ന്നി​ത്തി​ള​ങ്ങി​യു​ള്ള ഈ ​പ്ര​ജ​ന​ന​ത്തെ വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്. മു​പ്പ​തു വ​ര്‍​ഷം മു​മ്പ് ഇ​പ്പോ​ള്‍ കാ​ണു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ മി​ന്നാ​മി​നു​ങ്ങു​ക​ള്‍ ദൃ​ശ്യ​മാ​യി​രു​ന്നെ​ന്നു ഓ​ര്‍​ത്തെ​ടു​ക്കു​ന്ന​വ​രു​ണ്ട്. എ​ല്ലാ​വ​ര്‍​ഷ​വും മു​ട​ങ്ങാ​തെ​യു​ള്ള പ്ര​കൃ​തി​യു​ടെ ഈ ​മ​തി​വ​രാ​ക്കാ​ഴ്ച ചി​ല ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്കു നി​ദാ​ന​മാ​യി​രു​ന്നെ​ന്നും പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു.

മി​ന്നാ​മി​നു​ങ്ങു​ക​ളു​ടെ ഇ​വി​ട​ത്തേ​ക്കു​ള്ള വ​ര​വും​പോ​ക്കും ഗ​ണി​ച്ചു നോ​ക്കി ആ ​വ​ർ​ഷ​ത്തെ മ​ഴ​യ​ള​വ് ക​ണ​ക്കാ​ക്കു​ന്ന രീ​തി പ​ഴ​മ​ക്കാ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്രെ. കേ​ര​ള​ത്തി​ലെ മ​ഴ​യു​ടെ ശാ​സ്ത്രീ​യ അ​ള​വു​കോ​ലു​ക​ൾ താ​ളം​തെ​റ്റു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലും മി​ന്നാ​മി​ന്നി ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ഇ​ന്നു വി​സ്മൃ​തി​യി​ലാ​ണ്. ന​മ്മു​ടെ ശാ​സ്ത്ര​കാ​ര​ന്മാ​രും പ്ര​കൃ​തി​യു​ടെ നു​റു​ങ്ങു​ക​ളെ മ​റ​ന്ന​മ​ട്ടാ​ണ്.