ജാമിഅഃ നൂരിയ്യയുടെ സേവന മേഖല വിപുലീകരിക്കും
Saturday, May 27, 2017 3:47 AM IST
റിയാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ പ്രവർത്തന മേഖല വിപുലീകരിച്ച് കൊണ്ടിരിക്കുകയാണെന്നും അതിന്‍റെ ഭാഗമായാണ് ഓണ്‍ലൈൻ ഖുർആൻ കോഴ്സ് ആരംഭിച്ചതെന്നും ജാമിഅഃ പ്രൊഫസറും എസ്വൈഎസ് റിയാദ് സെൻട്രൽ കമ്മിറ്റി ചെയർമാനുമായ ളിയാഉദ്ദീൻ ഫൈസി മേൽമുറി പ്രസ്താവിച്ചു. പ്രവാസികൾക്ക് ഏറെ പ്രയോജന പ്രദമായ ഈ കോഴ്സിന് റിയാദ് എസ്വൈഎസിന്‍റെ കീഴിൽ സെന്‍റർ അനുവദിച്ചിട്ടുണ്ടെന്നും താൽപര്യമുള്ളവർക്ക് ചേരാൻ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി ഷിഹാബ് തങ്ങൾ സെന്‍റർ ഫോർ ഇസ്ലാമിക് സ്റ്റഡീസിന്‍റെ കീഴിൽ കേരളത്തിനകത്തും പുറത്തും വിപുലമായ ദഅവാ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.

അത് കൂടുതൽ വിപുലപ്പെടുത്തും. എസ്വൈഎസ് റിയാദ് സെൻട്രൽ കമ്മിറ്റി നടത്തുന്ന ദ്വൈവാര ഖുർആൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്സ്അപ്പിലൂടെ അയച്ചു തരുന്ന ഓഡിയോ വീഡിയോ ക്ലാസുകളും അതനുസരിച്ചുള്ള പി.ഡി.എഫ്. കുറിപ്പുകളും അടിസ്ഥാനമാക്കിയുള്ളതാണ് രണ്ട ുവർഷ ദൈർഘ്യമുള്ള കോഴ്സ്. പരീക്ഷയിൽ വിജയികളാകുന്നവർക്ക് ജാമിഅഃ സർട്ടിഫിക്കറ്റ് നൽകും. ഇതിൽ പങ്കെടുക്കാൻ താൽപര്യമുള്ള റിയാദിലെ പ്രവാസികൾക്ക് മാള മുഹിയുദ്ദീൻ (0592890111), സുബൈർ ഹുദവി (0507873738), ഷിഹാബ് (0567327790) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. യോഗത്തിൽ ഇസ്ലാമിക് ഡിസ്റ്റൻസ് സ്കൂൾ റിയാദ് കമ്മിറ്റി കോഓഡിനേറ്റർ മാള മുഹിയുദ്ദീൻ അധ്യക്ഷനായിരുന്നു. മുഹമ്മദ് കോയ വാഫി, അബ്ദുൽ അസീസ് വാഴക്കാട്, അലി തയ്യാല, ഉമ്മർ ഫൈസി, മുഹമ്മദ് കളപ്പാറ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സുബൈർ ഹുദവി വെളിമുക്ക് സ്വാഗതവും മുഹ്സിൻ വാഫി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ