കുവൈത്തിൽ സിഎംഎസ് കോളജ് ഇരുന്നൂറാമത് വാർഷികാഘോഷം 24 ന്
Monday, November 20, 2017 10:47 AM IST
കുവൈത്ത് സിറ്റി: കോട്ടയം സിഎംഎസ് കോളജിന്‍റെ ഇരുന്നൂറാമത് വാർഷികാഘോഷം സിഎംഎസ് അലൂംനി വിദ്യാസൗഹൃദം കുവൈറ്റ് ചാപ്റ്റർ നവംബർ 24ന് (വെള്ളി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

വൈകുന്നേരം 6.30 ന് അർദിയ ഡയമണ്ട് ബാൾ റൂമിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾ മുൻ മുഖ്യമന്ത്രിയും സിഎംഎസ് കോളജ് പൂർവ വിദ്യാർഥിയുമായ ഉമ്മൻ ചാണ്ടി എംഎൽഎ നിർവഹിക്കും.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ, ഫിൽസണ്‍ മാത്യൂസ് തുടങ്ങിയവർ സംബന്ധിക്കും.

ഇരുന്നൂറാമത് വാർഷികത്തോടനുബന്ധിച്ച് കുവൈറ്റ് ചാപ്റ്റർ പ്രഖ്യാപിച്ച വിദ്യാസൗഹൃദം പ്രവാസി കീർത്തി 2017 അവാർഡ് ഖത്തറിൽ നിന്നുമുള്ള പൂർവ വിദ്യാർഥി ഡോ.മോഹൻ തോമസിനും വിദ്യാസൗഹൃദം പ്രവാസി എന്‍റർപ്രണർ അവാർഡ് സൗദിയിൽ നിന്നുള്ള രാജു കുര്യനും സമ്മാനിക്കും.

തുടർന്നു സൗത്ത് ഇന്ത്യയിലെ പ്രശസ്ത പിന്നണിഗായകനായ ഉണ്ണി മേനോനും പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും അരങ്ങേറും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ലക്ഷമി ജയനും സിഎംഎസ് കോളജിന്‍റെ പ്രതിഭകളായ കിഷോർവർമ്മ, അനുരൂപ്, സ്റ്റാൻലി തുടങ്ങിയവരും സംഗീതനിശയിൽ പങ്കു ചേരും.

പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സാം നന്ത്യാട്ട്, വൈസ് പ്രസിഡന്‍റ് സുരേഷ് തോമസ്, ട്രഷറർ രാജേഷ് വർക്കി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ജോർജ് കോശി, റെജി ചാണ്ടി ,ഷിബു കുര്യൻ, സിറിയക് ജോർജ് തുടങ്ങിയവരും മറ്റു എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ