കുവൈത്തിലേക്ക് ഗാർഹിക ജോലിക്കായി നോർക്ക റൂട്ട്സിന്‍റെ സൗജന്യ റിക്രൂട്ട്മെന്‍റ്
Saturday, June 9, 2018 9:03 PM IST
കുവൈത്ത്: ഗാർഹികജോലികൾക്കായി കേരളത്തിൽനിന്ന് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും കുവൈത്ത് സർക്കാർ അംഗീകരിച്ച അൽദുറ കന്പനിയും കരാറിൽ ഒപ്പുവച്ചു.

ഇതനുസരിച്ച് ആദ്യപടിയായി 500 വനിതകളെ ഉടൻ തെരഞ്ഞെടുത്ത് പരിശീലനം നൽകും. പരിശീലനവും റിക്രൂട്ട്മെന്‍റും തികച്ചും സൗജന്യമാണ്. നോർക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് www.norkaroots.net മുഖേന ബുധനാഴ്ച മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

ഉദ്യോഗാർഥികളിൽനിന്ന് യാതൊരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. രണ്ടുവർഷത്തേയ്ക്കാണ് നിയമനം. 30നും 45നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ആഹാരവും താമസവും യാത്രാസൗകര്യവും സൗജന്യമാണ്. കുവൈറ്റിലെ ഇന്ത്യൻ എംബസി മുഖേനയാണ് നിയമനം. വിവരങ്ങൾക്ക് 1800 425 3939, 0471 2333339.