കുവൈറ്റ് കല ട്രസ്റ്റ് അവാർഡ് കെ.ആർ. മീരയ്ക്ക്
Friday, August 5, 2016 6:25 AM IST
കണ്ണൂർ: കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കുവൈറ്റ് കല ട്രസ്റ്റ്’ ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്കാരത്തിനു പ്രശസ്ത എഴുത്തുകാരി കെ.ആർ. മീരയെ തിരഞ്ഞെടുത്തു.

25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഓഗസ്റ്റ് 14നു (ഞായർ) രണ്ടിനു കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അവാർഡു സമ്മാനിക്കും. ചടങ്ങിൽ കുവൈറ്റ് കല ട്രസ്റ്റ് നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും നടക്കും.

വയലാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ ആരാച്ചാർ എന്ന നോവലിനെ അടിസ്‌ഥാനപ്പെടുത്തിയാണ് കെ.ആർ. മീരക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചതെന്നു അവാർഡ് നിർണയ കമ്മിറ്റി പറഞ്ഞു.

കേരളത്തിലെ കലാസാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനുവേണ്ടി 2000 മുതൽ കുവൈറ്റ് കല ട്രസ്റ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള ഈ പുരസ്കാരം. ഒഎൻവി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ്മ, കെടാമംഗലം സദാനന്ദൻ, കെപിഎസി സുലോചന, നിലമ്പൂർ ആയിഷ, പി.കെ. മേദിനി, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി ഉൾപ്പെടെയുള്ള നിരവധി പ്രമുഖരാണ് കല ട്രസ്റ്റ് അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ളത്.

സംഘാടക സമിതി ചെയർമാൻ എം. പ്രകാശൻ മാസ്റ്റർ, ജനറൽ കൺവീനർ പൊന്യം ചന്ദ്രൻ, കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട്, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൌഷാദ്, കല കേന്ദ്രകമ്മിറ്റി അംഗം ടി.വി. ഹിക്മത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ