സംസ്കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം സമർപ്പണവും സാംസ്കാരിക സമ്മേളനവും 17ന്
Wednesday, November 16, 2016 6:24 AM IST
ദോഹ: സംസ്കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാര സമർപ്പണവും സാംസ്കാരിക സമ്മേളനവും നവംബർ 17ന് (വ്യാഴം) ഐസിസി അശോക ഹാളിൽ നടക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് സബീന എം. സാലിക്ക് കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ ഡോ. ഖദീജ മുംതാസ് പുരസ്കാരം സമർപ്പിക്കും.

സംസ്കൃതിയുടെ 2017 ലെ മെംബർഷിപ്പ് പ്രവർത്തനോദ്ഘാടനം ഡിവൈഎഫ്ഐ മുൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യു നിർവഹിക്കും. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് അമേച്വർ നാടകമത്സരത്തിൽ സംസ്കൃതി അവതരിപ്പിച്ച ‘കടൽ കാണുന്ന പാചകക്കാരൻ’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡ് നേടിയ സംസ്കൃതി അംഗം ദർശന രാജേഷ്, സംസ്കൃതി ദോഹ സെന്റർ യൂണിറ്റ് സ്കൂൾ കുട്ടികൾക്കായി നടത്തിയ ‘നാമ്പുകൾ’ കഥാകവിതാ മത്സരത്തിലെ വിജയികൾ എന്നിവരെ ആദരിക്കും.

സംസ്കൃതിയുടെ തീം സോംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോ. ഖദീജ മുംതാസ് നിർവഹിക്കും. തുടർന്ന് സംസ്കൃതിയുടെ കലാവിഭാഗം അണിയിച്ചൊരുക്കുന്ന ദൃശ്യാവിഷ്കാരം ‘മുച്ചീട്ട് കളിക്കാരന്റെ മകൾ’ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.