അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം; വാർത്ത വ്യാജമെന്ന് അറ്റോർണി
Friday, September 14, 2018 10:15 PM IST
ഫ്ളോറി‍ഡ: അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ പോലീസിനെ സഹായിച്ചൽ നൂറ് ഡോളർ പ്രതിഫലം നൽകുമെന്ന് എഴുതിയ പോസ്റ്ററുകൾ വ്യാപകമായി ടാമ്പ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതായി പരാതി. ഹോംലാൻഡ് സെക്യൂരിറ്റി ലോഗൊയും ക്രൈം സ്റ്റോപ്പേഴ്സിന്‍റെ നമ്പരും ഈ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

ഇത്തരം വ്യാജ പ്രചാരണങ്ങൾ അനേകരുടെ ഉറക്കം കെടുത്തുന്നതായി അറ്റോർണി ജമീല ലാറ്റിൻ പറഞ്ഞു. ഐസിഇ ഇത്തരം പോസ്റ്ററുകൾ ഇറക്കിയിട്ടില്ലെന്നും എന്നാൽ ഇതിൽ കാണിച്ചിരിക്കുന്ന ക്രൈം സ്റ്റോപ്പേഴ്സിന്‍റെ നമ്പർ ശരിയാണെന്നും അധികൃതർ പറഞ്ഞു. ഫ്ളോറിഡയിൽ മാത്രമല്ല ടെക്സസിലും ഇത്തരം ഫ്ലയറുകൾ ഇറങ്ങിയിട്ടുണ്ടെന്നും ഇതിന്‍റെ പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഔദ്യോഗിക ലോഗൊ അനധികൃതമായി ഉപയോഗിച്ചവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഫെഡറൽ അറ്റോർണി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ