നിയമസഭയിലെ അംഗീകാരം ചെന്നിത്തലയ്ക്ക് പുറത്തു കിട്ടുന്നില്ല: പി.സി. ജോർജ്
Wednesday, September 13, 2017 10:46 AM IST
ന്യൂയോർക്ക്: നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് പി.സി. ജോർജ് എംഎൽഎ. എന്നാൽ നിയമസഭയ്ക്കു പുറത്ത് ആ അംഗീകാരം കിട്ടുന്നില്ല. ഇപ്പോഴും ജനകീയ നേതാവ് ഉമ്മൻചാണ്ടി തന്നെയാണ്. മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാന്‍റ് കൗണ്ടി (മാർക്ക്) യുടെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പി.സി. ജോർജ് ആഘോഷത്തിനു മുന്പ് ഇന്ത്യാ പ്രസ്ക്ലബ് അംഗങ്ങളുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസിൽ ഗ്രൂപ്പു വഴക്ക് ശക്തമാണ്. ബിജെപിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവരുണ്ട്. കോണ്‍ഗ്രസ് പാർട്ടി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിന്നു തുടച്ചുനീക്കപ്പെടുന്ന അവസ്ഥ നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിർദ്ദിഷ്ട ശബരി വിമാനത്താവളത്തിന്‍റെ 80 ശതമാനവും തന്‍റെ മേഖലയായ പൂഞ്ഞാറിലാണെന്ന് ജോർജ് പറഞ്ഞു.

അടുത്ത തവണ കേരളത്തിൽ ഏതു മുന്നണി ഭരിക്കണമെന്നു തന്‍റെ പാർട്ടി ജനപക്ഷം തീരുമാനിക്കുമെന്നും ജോർജ് അവകാശപ്പെട്ടു. കേരള കോണ്‍ഗ്രസിന്‍റെ സ്ഥിതി ദയനീയമാണ്. കെ.എം. മാണിയുമായി മാനസികമായി ഒരടുപ്പവുമില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ഇമേജ് നിലനിർത്താൻ ഒരുപാട് പരസ്യം നൽകുന്നു. പക്ഷെ കോളറ പോലും കേരളത്തിൽ തിരിച്ചെത്തി എന്നതാണ് സ്ഥിതി. 27 രൂപയുടെ അരിക്ക് 52 രൂപയായി. എങ്കിലും പിണറായി കഴിവില്ലാത്തവനാണെന്നൊന്നും താൻ പറയില്ല.

ഇന്ത്യയുടെ പോക്ക് ശരിയായ ദിശയിലാണോ എന്നു സംശയമുണ്ട്. ഗാന്ധിജി ഇപ്പോഴില്ല എന്നു കരുതി ഗാന്ധിജിമാർ ഇനി ഉണ്ടാവില്ല എന്നർഥമില്ല. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് രാജ്യത്ത് നിലവിലുള്ള സാഹചര്യമാണ് കാണിക്കുന്നതെന്നതാണ് ഖേദകരം. താൻ ഉള്ളതു പറയുന്പോൾ വിവാദങ്ങൾ ഉണ്ടാകുന്നു. അല്ലാതെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല.

സത്യം ജനങ്ങളിൽ എത്തിക്കുക എന്നതാണ് പ്രധാനം. സത്യം ഉരുത്തിരിഞ്ഞുവരണം. പറയുന്നതിൽ കാര്യമുണ്ടാകും. അതുകൊണ്ടാണല്ലോ മാധ്യമശ്രദ്ധ കിട്ടുന്നത്.

ദിലീപ് വിഷയത്തിൽ പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്നു. കേരളത്തിൽ ചെല്ലുന്പോൾ അറസ്റ്റ് ചെയ്യുമെന്നൊക്കെ പറയുന്നതുകേട്ട് പേടിയൊന്നുമില്ല. ദിലീപിനെ താൻ പിന്തുണച്ചു എന്നു പറയുന്നത് ശരിയല്ല. അതുപോലെ ദിലീപ് കുറ്റക്കാരനല്ലെന്നും പറഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ ശരീരം വരഞ്ഞ് മുളകു പുരട്ടണമെന്നാണ് താൻ പറഞ്ഞത്.

ദിലീപിനെതിരേ പോലീസ് പറയുന്നതൊന്നും വിശ്വസിക്കാവുന്നതല്ല. 19 തെളിവുകളാണ് പോലീസ് നിരത്തിയത്. അതിൽ മിക്കതും ദിലീപിനെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

ഇര എന്നു നടിയെ വിശേഷിപ്പിക്കാൻ എന്താ മൃഗം വല്ലതുമാണോ? നടി തന്നെ പലർക്കും അഭിമുഖം കൊടുത്തു. വനിത മാസികയിൽ കവർ പേജിൽ തന്നെ പടം വരികയും തന്നെ ഉപദ്രവിച്ച കാര്യം നടി തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഇര എന്നു മാത്രം പറയണമെന്നതിൽ യുക്തിയില്ല.

അങ്കമാലിയിൽ നിന്നുള്ള യാത്രയിൽ മൂന്നു മണിക്കൂർ ചുറ്റിക്കറങ്ങി പൾസർ സുനി പീഡിപ്പിച്ചെന്നു പറയുന്നു. നടിയും സുനിയും ഗോവയിൽ ആറു മണിക്കൂർ നേരം കാട്ടിൽകൂടി സഞ്ചരിച്ചപ്പോൾ പീഡിപ്പിക്കാമായിരുന്നു. നാലു വർഷം മുന്പ് ക്വട്ടേഷൻ കൊടുത്തപ്പോൾ അങ്കമാലിയിൽ നിന്നുള്ള യാത്രയിൽ തന്നെ പീഡിപ്പിക്കണമെന്നു പറഞ്ഞിരുന്നോ?

നിർഭയയേക്കാൾ വലിയ പീഡനമേറ്റുവെന്നു പോലീസ് പറയുന്ന വ്യക്തി രണ്ടു നാൾ കഴിഞ്ഞപ്പോൾ ഓടി നടക്കുന്നു. ഇതൊന്നും പോലീസിനു മനസിലാകുന്നില്ലേ എന്നതാണ് ചോദ്യം.

സെക്ഷൻ 376 പ്രകാരമുള്ള കേസ് സെഷൻസിലേക്ക് കമ്മിറ്റ് ചെയ്യാനേ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമുള്ളൂ. സെഷൻസിൽ ജാമ്യാപേക്ഷ നൽകാതെ ഹൈക്കോടതിയിൽ പോയത് തെറ്റായിപ്പോയി. ദിലീപിനെ ഒരിക്കൽ ആകസ്മികമായി കണ്ടതല്ലാതെ തനിക്കോ മകനോ ഒരു ബന്ധവുമില്ല.

ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ നിഷ്കളങ്കനായ സ്വാമിയാണ്. അദ്ദേഹം തെറ്റുചെയ്തുവെന്ന് വിശ്വസിക്കാനുള്ള ഒരു തെളിവുമില്ല. എഡിജിപി സന്ധ്യ വാങ്ങിയ ഭവനം ചട്ടന്പി സ്വാമികളുടെ സ്മാരകമാക്കാൻ സമരത്തിന് നേതൃത്വം നൽകിയത് സ്വാമിയാണ്. അന്നു സമരക്കാർക്ക് എതിരേ 16 കേസുകൾ എടുത്തു. 14 എണ്ണം തള്ളിപ്പോയി. രണ്ടെണ്ണം ഇപ്പോഴുമുണ്ട്.

അന്തരിച്ച ഐജി ജയറാം പടിക്കൽ അടുത്ത സുഹൃത്തായിരുന്നു. കഐസ്ആർടിസി മാനേജിംഗ് ഡയറക്ടറായിരിക്കെ നവാബ് രാജേന്ദ്രനെ വിളിച്ചുവരുത്തി അദ്ദേഹം ക്ഷമ ചോദിച്ചു.

പത്ര സമ്മേളനത്തിൽ പ്രസ് ക്ലബ് നിയുക്ത ദേശീയ പ്രസിഡന്‍റ് മധു കൊട്ടാരക്കര, ദേശീയ ട്രഷറർ ജോസ് കാടാപ്പുറം, സുനിൽ ട്രൈസ്റ്റാർ, ജേക്കബ് റോയ്, ഷോളി കുന്പിളുവേലി, ജേക്കബ്, സോജി, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ഓണസന്ദേശം നൽകിയ ഡോ. നിഷാ പിള്ള മഹാബലിയുടെ കഥയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി. നർമ്മദ തീരത്താണ് മഹാബലിയുടെ രാജ്യമെന്നാണ് ഭാഗവതം പറയുന്നത്. വാമനന്‍റെ ലക്ഷ്യം മനസിലായെങ്കിലും മഹാബലി തന്‍റെ വാഗ്ദാനത്തിൽ നിന്നു പിൻമാറിയില്ല. തന്നയാൾ തന്നെ തിരിച്ചെടുക്കുന്നു എന്നാണ് മഹാബലി പറഞ്ഞത്. സംപ്രീതനായ വാമനൻ മഹാബലിയെ സ്വർഗത്തേക്കാൾ ശ്രേഷ്ഠമായ സുതലത്തിലേക്കാണ് അയച്ചത്.

വൃക്ക നൽകി മാതൃകയായ രേഖ നായരെ ചടങ്ങിൽ അഭിനന്ദിച്ചു. കലാപരിപാടികൾക്ക് നിഷാന്ത് നായർ നേതൃത്വം നൽകി ഷെൽസിയ മോഡറേറ്ററായിരുന്നു. മാർക്ക് പ്രസിഡന്‍റ് മാത്യു മാണി, സെക്രട്ടറി ദാനിയേൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോസ് കാടാപ്പുറം