മാലിന്യ മുക്ത കേരളം: പന്നിത്തീറ്റ ഉറപ്പുവരുത്തണമെന്ന് കർഷകർ
1422881
Thursday, May 16, 2024 5:26 AM IST
കൽപ്പറ്റ: വളർത്തുപന്നികൾക്കു തീറ്റ ഉറപ്പുവരുത്തി മാലിന്യമുക്ത കേരളം പരിപാടി നടപ്പാക്കണമെന്ന് പിഗ് ഫാർമേഴ്സ് അസോസിയേഷൻ. ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ എന്നിവിടങ്ങളിലെ മിച്ച ഭക്ഷണവും കോഴിക്കടകളിലെ വേസ്റ്റും മറ്റും റെൻഡറിംഗിംനു വിധേയമാക്കണമെന്ന വ്യവസ്ഥ പന്നിക്കൃഷി മേഖലയിൽ പ്രതിസന്ധിക്കു കാരണമാകുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ആർ. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ് എന്നിവർ പറഞ്ഞു.
പന്നികൾക്ക് തീറ്റ നൽകുന്നതിനു ഓരോ ദിവസവും കർഷകർ ശേഖരിക്കുന്ന മിച്ച ഭക്ഷണവും കോഴിവേസ്റ്റും ഒഴികെ മാലിന്യമാണ് റെൻഡറിംഗ് പ്ലാന്റുകൾക്കു നൽകേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.
ഉപജീവനത്തിനു പന്നിവളർത്തലിനെ ആശ്രയിക്കുന്ന അനേകം കർഷകർ സംസ്ഥാനത്തുണ്ട്. ജില്ലയിൽ 500 ഓളം കർഷകരാണ് പന്നിക്കൃഷി നടത്തുന്നത്. 350 അംഗങ്ങളുള്ളതാണ് പിഗ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ ഘടകം. കർഷകരും കുടുംബാംഗങ്ങളും ജീവനക്കാരും അടക്കം നിരവധിയാളുകളാണ് പന്നിഫാമുകളിൽ തൊഴിൽ ചെയ്യുന്നത്.
ചെറുതും വലതുമടക്കം ഫാമുകളിലായി ഏകദേശം 20,000 പന്നികളെയാണ് വളർത്തുന്നത്. മിച്ച ഭക്ഷണം ശേഖരിച്ച് പന്നികൾക്കു തീറ്റയായി നൽകുന്ന കർഷകർ ജൈവമാലിന്യ സംസ്കരണത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിനു ടണ് മിച്ചഭക്ഷണമാണ് പന്നിത്തീറ്റയായി സംസ്കരിക്കുന്നത്.
പന്നി ഫാം ലൈൻസൻസ് വ്യവസ്ഥകൾ ഉദാരമാക്കാൻ അധികാരികൾ തയാറാകണം. ദൂരപരിധിയിൽ ഇളവ് അനുവദിക്കണം. അപേക്ഷിക്കുന്നവരിൽ പലർക്കും ലൈസൻസ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. മലിനീകരണ നിയന്ത്രണ ബോർഡ് അധികാരികളുടെ കടുംപിടിത്തമാണ് ഇതിനു കാരണം.
വീട്, ജലസ്രോതസ്, അതിർത്തി എന്നിവയുമായി ബന്ധപ്പെട്ട ദൂരപരിധി പാലിച്ചും ശുചിത്വം ഉറപ്പുവരുത്തിയും സമർപ്പിക്കുന്ന അപേക്ഷകളിൽപോലും നിരാക്ഷേപപത്രം അനുവദിക്കാൻ ഉദ്യോഗസ്ഥർ തയാറാകാത്ത സ്ഥിതിയാണ്.
പന്നിത്തീറ്റയുമായി വരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് വകുപ്പു ഉദ്യോഗസ്ഥർ കർഷകരെ ഉപദ്രവിക്കുന്ന സാഹചര്യവും നിലനിൽക്കുകയാണ്. സാമൂഹികവിരുദ്ധർ മാലിന്യം വഴിയിൽ തള്ളുന്നതിന്റെ ഉത്തരവാദിത്തം പന്നിക്കൃഷിക്കാരിൽ അടിച്ചേൽപ്പിക്കാൻ അധികാരികൾ പലപ്പോഴും ശ്രമിക്കുന്നതായും അസോസിയേഷൻ ഭരവാഹികൾ പറഞ്ഞു.
പിഗ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ
കൽപ്പറ്റ: പിഗ് ഫാർമേഴ്സ് അസിസോസിയേഷൻ(പിഎഫ്എ) ജില്ലാ സമ്മേളനം നാളെ പനമരം സെന്റ് ജൂഡ്സ് പള്ളി ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് പി.ആർ. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ്, മറ്റു ഭാരവാഹികളായ കൈമാലിൽ ജോണ്സണ്, റോയി മാന്തോട്ടം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എം. ജോഷി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എം. ബെന്നി, കർഷക സംഘം സംസ്ഥാന സമിതിയംഗം എ.വി. ജയൻ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ജോർജ് എന്നിവർ പ്രസംഗിക്കും.
റിട്ട.ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ജയരാജിനെ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. ഭാസി ആദരിക്കും. മാലിന്യ സംസ്കരണം, ഫാം ലൈസൻസ്, പഞ്ചായത്ത് രാജ് ചട്ടങ്ങൾ, പന്നികളിലെ പകർച്ചവ്യാധികളും പ്രതിരോധ മാർഗങ്ങളും എന്നീ വിഷയയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.