പ്ലസ് വണ്‍ ഏക ജാലകം: അപേക്ഷ ഇന്ന് മുതൽ
1422884
Thursday, May 16, 2024 5:26 AM IST
കൽപ്പറ്റ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സന്പൂർണ പ്രവേശനം ഉറപ്പാക്കാൻ മിഷൻ പ്ലസ് വണ്‍ പദ്ധതി ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വണ്‍ ഓണ്‍ ലൈൻ രജിസ്ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവർഗ വിദ്യാർഥികളുടെ സന്പൂർണ പ്രവേശനം ഉറപ്പാക്കൽ എന്നിവയാണ് മിഷൻ പ്ലസ് വണിന്റെ ലക്ഷ്യം.
എസ്എസ്കെ, നാഷണൽ സർവീസ് സ്കീം, വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് വിഭാഗം, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രവേശനം സംബന്ധിച്ച സംശയ നിവാരണം, ഹയർ സെക്കൻഡറി വിഷയങ്ങൾ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തൽ എന്നിവയ്ക്ക് ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഫോക്കസ് പോയിന്റുകൾ പ്രവർത്തിക്കും.
ഉന്നത പഠന മേഖലകൾ, തൊഴിൽ സാധ്യതകൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകളും വിദ്യാലയങ്ങളിൽ ഒരുക്കുന്നുണ്ട്.
വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകൾക്ക് നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബുകളുടെ ചുമതലയുള്ള അധ്യാപകർ, എച്ച്ഐടിസിമാർ, എസ്ഐടിസിമാർ, ലിറ്റിൽ കൈറ്റ്സ് ചുമതലക്കാർ നേതൃത്വം നൽകും.
എസ്എസ്എൽസി പരീക്ഷ വിജയിച്ച പട്ടികവർഗ വിദ്യാർഥികളുടെ സന്പൂർണ പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് ജില്ലാതല കണ്‍വേർജൻസ് യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ വി.ആർ. അപർണ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ശരത്ചന്ദ്രൻ, വി. അനിൽകുമാർ, എം.കെ. ഷിവി, വിൽസണ്‍ തോമസ്, ബിനുമോൾ ജോസ്, കെ. ബാലൻ, കെ.ബി. സിമിൽ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.