ഉരുൾപൊട്ടൽ, അപകടസാധ്യതകളില്ലെന്ന് വിദഗ്ധ സംഘം
1280442
Friday, March 24, 2023 12:50 AM IST
കണ്ണൂർ: നടുവിൽ ഗ്രാമപഞ്ചായത്തിലെ പാത്തൻപാറയിൽ ഭൂമി വീണ്ടു കീറിയതിൽ മാരകമായ അപകട സാധ്യതകളില്ലെന്നും ഉരുൾപൊട്ടൽ ഭീതി വേണ്ടെന്നും വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ.അശാസ്ത്രീയ രീതിയിലുള്ള മണ്ണെടുപ്പാണ് ഭൂമി വിള്ളലിന് കാരണമെന്നും എന്നാൽ ഇവിടെ ഉരുൾപൊട്ടലിന് സാധ്യതകളില്ലെന്നും വിദഗ്ധർ അറിയിച്ചു.
കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സീനിയർ കൺസൽട്ടന്റ് ഡോ. എച്ച് വിജിത്ത്, അസാർഡ് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവർ ഇതു സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.
വിണ്ടുകീറിയ മണ്ണ് മഴയ്ക്ക് മുമ്പ് മാറ്റണമെന്നും അത് ഉൾക്കൊള്ളാനുള്ള ശേഷി ക്വാറിയ്ക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതു പ്രകാരം ഇളകിയ മണ്ണ് നീക്കി ക്വാറി കുഴികളിൽ നിക്ഷേപിക്കാൻ ക്വാറി ഉടമകൾക്ക് നോട്ടീസ് നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു.
യോഗത്തിൽ ആർഡിഒ ഇ.പി.മേഴ്സി, ഡിസാസ്റ്റർ മാനേജ്മെന്റെ ഡെപ്യൂട്ടി കളക്ടർ ടി.വി. രഞ്ജിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ , നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി, വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത്, വാർഡംഗം സെബാസ്റ്റ്യൻ വിലങ്ങുളിൽ, ഇടവക വികാരി ഫാ.സെബാൻ ഇടയാടിയിൽ, ജോസ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.