പത്താംക്ലാസ് പാസായത് 19,466 കുട്ടികള്‍ ജില്ലയില്‍ പ്ലസ് വൺ സീറ്റുകള്‍ 17,910
1297735
Saturday, May 27, 2023 1:35 AM IST
കാസര്‍ഗോഡ്: പത്താംക്ലാസ് ഫലം വന്നപ്പോള്‍ ജില്ലയില്‍ തുടര്‍പഠനത്തിന് അര്‍ഹത നേടിയത് 19466 കുട്ടികൾ. പക്ഷേ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 14250 മാത്രം.
സീറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകരിച്ച 30 ശതമാനം വര്‍ധന നിലവില്‍ വന്നാലും ആകെ സീറ്റുകളുടെ എണ്ണം 17910 വരെയേ എത്തൂ. 1556 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് ചേരാനാകാതെ മറ്റു വഴികള്‍ നോക്കേണ്ടിവരും.
ഇത് സംസ്ഥാന സിലബസുകാരുടെ മാത്രം കണക്കാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളില്‍ പത്താംക്ലാസ് കഴിഞ്ഞ കുട്ടികളും സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ മത്സരം ഒന്നുകൂടി കടുക്കും.
സംസ്ഥാന സിലബസില്‍ പാസായവരില്‍ ചുരുങ്ങിയത് 3000 കുട്ടികള്‍ക്കെങ്കിലും ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പാണ്.
ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ തന്നെ പ്രവേശനം ലഭിക്കുന്ന കാര്യം ഒന്നുകൂടി വിഷമമാണ്. ജില്ലയില്‍ 2667 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
ഇവര്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിഷയങ്ങളും സ്കൂളും തന്നെ ലഭിക്കാന്‍ പ്രയാസമാണ്. അതിനും സിബിഎസ്ഇക്കാരോടുള്പ്പെടെ മത്സരിക്കേണ്ടിവരും. ചെറിയൊരു ഗ്രേസ് മാര്‍ക്കുപോലും നിര്‍ണായകമാകുന്നത് അപ്പോഴാണ്. ഇതെല്ലാം കഴിയുമ്പോള്‍ എ പ്ലസിന്റെയും എയുടെയും എണ്ണം കുറഞ്ഞവര്‍ കിട്ടിയ സീറ്റിലും സ്കൂളിലും ഒതുങ്ങേണ്ടിവരും.
മറ്റു പല ജില്ലകളിലും ആവശ്യത്തില്‍ കൂടുതലായി അനുവദിച്ച പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ഷാവര്‍ഷം ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇവിടെ ഒരു സീറ്റുറപ്പിക്കാന്‍ ഇങ്ങനെ തിങ്ങിഞെരുങ്ങി മത്സരിക്കേണ്ടിവരുന്നത്.
ജില്ലയില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകളും സീറ്റുകളും അനുവദിക്കണമെന്ന ആവശ്യം ഓരോ വര്‍ഷവും ഉയര്‍ന്നുവരുമ്പോഴും സര്‍ക്കാരുകള്‍ അത് നാമമാത്രമായ സീറ്റുവര്ധനയില് ഒതുക്കുന്നതാണ് ഇതിനു കാരണമാകുന്നത്.