കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കാസര്‍ഗോഡ് ജില്ലയുടെ വിജയശതമാനത്തില്‍ ഇടിവ്. 73.27 ശതമാനമാണ് വിജയം. സംസ്ഥാനതലത്തില്‍ 13-ാം സ്ഥാനത്താണ് കാസര്‍ഗോഡ്. കഴിഞ്ഞവര്‍ഷം 78.82 ശതമാനം വിജയം നേടിയ കാസര്‍ഗോഡ് ഒമ്പതാം സ്ഥാനത്തായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയ 15,523 വിദ്യാര്‍ഥികളില്‍ 11,374 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കുട്ടമത്ത് ജിഎച്ച്എസ്എസ് സയന്‍സ് ബാച്ചിലെ വഫ അഷ്റഫ് ആണ് മുഴുവന്‍ മാര്‍ക്കും നേടിയ ഏക വിദ്യാര്‍ഥി. ചെര്‍ക്കള മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഡെഫ് ആണ് നൂറു ശതമാനം വിജയം കൈവരിച്ച ഏക സ്കൂള്‍. 12 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. അതേസമയം ഫുള്‍ എപ്ലസ് ജേതാക്കളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനവുണ്ടായി. 1,192 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷം ഇത് 943 പേരായിരുന്നു. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 38 ആണ് വിജയശതമാനം. 1912 പേര് പരീക്ഷയെഴുതിയതില്‍ 73 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നാലുപേര്‍ ഫുള്‍ എപ്ലസ് സ്വന്തമാക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ചെമ്മനാട് ജമാഅത്ത് സ്കൂളില്‍ 79.43 ശതമാനം വിജയം. ഇവിടെ പരീക്ഷ എഴുതിയ 423 കുട്ടികളില്‍ 336 പേര് തുടര്‍ പഠനത്തിന് യോഗ്യത നേടി.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയശതമാനം കാസര്‍ഗോഡിനാണ്. 61.31 ശതമാനം. പരീക്ഷ എഴുതിയ 1225 വിദ്യാര്‍ഥികളില്‍ 751 പേര് മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഈ വിഭാഗത്തില്‍ മുള്ളേരിയ ജിവിഎച്ച്എസ്എസും കുഞ്ചത്തൂര്‍ ജിവിഎച്ച്എസ്എസും നൂറുശതമാനം വിജയം കരസ്ഥമാക്കി. മുള്ളേരിയ സ്കൂളില്‍ 60ഉം കുഞ്ചത്തൂരില്‍ 28ഉം പേരാണ് പരീക്ഷയെഴുതിയത്.
90 ശതമാനത്തിന്
മുകളില്‍ 13 സ്കൂളുകള്‍
ജില്ലയില്‍ 90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ചത് 13 സ്കൂളുകള്‍ മാത്രം. ഇതില്‍ ഏഴു സ്കൂളുകളുകളിലും വെള്ളരിക്കുണ്ട് താലൂക്കിലുള്ളവയാണെന്നത് മലയോരമേഖലയ്ക്ക് അഭിമാനനേട്ടമായി. 90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ച സ്കൂളുകളുടെ വിവരങ്ങള്‍ സ്കൂളിന്റെ പേര്, പരീക്ഷ എഴുതിയ കുട്ടികള്‍, വിജയിച്ച കുട്ടികള്‍, ബ്രാക്കറ്റില്‍ വിജയശതമാനം എന്നിവ യഥാക്രമം.
ഉദുമ എംആര്‍എസ്-99ല്‍ 96 (96.97), രാജപുരം ഹോളിഫാമിലി എച്ച്എസ്എസ്-177ല്‍ 168(94.92), പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസ്-118ല്‍ 111(94.07), ചായ്യോത്ത് ജിഎച്ച്എസ്-258ല്‍ 241 (93.41), തോമപുരം സെന്റ് തോമസ് എച്ച്എസ്എസ്-243ല്‍ 223(91.77), ഇളമ്പച്ചി ജിഎച്ച്എസ്എസ് 129ല്‍ 118( 91.47), ചെറുവത്തൂര്‍ ജിഎഫ്എച്ച്എസ്എസ് 128ല്‍ 11(91.41), കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്-240ല്‍ 219(91.25), ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസ് 194ല്‍ 177(91.24), വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ്-166ല്‍ 150 (90.36), കമ്പല്ലൂര്‍ ജിഎച്ച്എസ്എസ്-173ല്‍ 156 (90.17), വരക്കാട് എച്ച്എസ്എസ് 120ല്‍ 108 (90.00).
30 ശതമാനത്തില്‍
താഴെ എട്ടു സ്കൂളുകള്‍
എട്ടു സ്കൂളുകളില്‍ വിജയ ശതമാനം 30ന് താഴെയാണ്. ഇതില്‍ ഏറ്റവും കുറവ് പാണ്ടി ജിഎച്ച്എസ്എസിലാണ്. 14.29 ആണ് ഇവിടുത്തെ വിജയശതമാനം. ഇവിടെ പരീക്ഷ എഴുതിയ 21 പേരില്‍ മൂന്നു പേര് മാത്രമാണ് വിജയിച്ചത്. 30 ശതമാനത്തിന് താഴെ വിജയം കൈവരിച്ച സ്കൂളുകളുടെ വിവരങ്ങള്‍ സ്കൂളിന്റെ പേര്, പരീക്ഷ എഴുതിയ കുട്ടികള്‍, വിജയിച്ച കുട്ടികള്‍ ബ്രാക്കറ്റില്‍ വിജയ ശതമാനം എന്നിവ യഥാക്രമം.
മഞ്ചേശ്വരം ഉദയ ഇഎംഎച്ച്എസ്എസ് 17ല്‍ അഞ്ച്( 29.41), പെരിയ അംബേദ്കര്‍ വിദ്യനികേതന്‍ എച്ച്എസ്എസ് 87ല്‍ 23( 26.44), ചട്ടംഞ്ചാല്‍ എംഐസി 21ല്‍4(19.05), പൈവളികെ ജിഎച്ച്എസ്എസ് 122ല്‍ 29 (23.77), തൃക്കരിപ്പൂര്‍ വിപിപിഎം കെപിഎസ് ജിഎച്ച്എസ്എസ് 81ല്‍ 23(28.40), പെരുമ്പട്ട ജിഎച്ച്എസ്എസ് 25ല്‍ അഞ്ച്(20), കുമ്പള ഇസ എച്ച്എസ്എസ് 27ല്‍ ഏഴ്(25.93).