കുമരകത്ത് മുന്തിരിങ്ങയ്ക്ക് തേനൂറും മധുരം
1422305
Monday, May 13, 2024 6:09 AM IST
കുമരകം: കൊടുംവെയിലിലും തേനൂറും നാടൻ മുന്തിരിക്കുലകൾ വീണ്ടും കായ്ക്കുകയാണ്. 11-ാം വാർഡ് ചൊള്ളന്തറ ഭാഗത്ത് കുന്നക്കാട് പ്രിജിയുടെ വീട്ടിലാണ് മുന്തിരികൾ ഉണ്ടായത്.
അഞ്ച് സെന്റ് മാത്രം വിസ്തീർണമുള്ള പുരയിടത്തിൽ ഗ്രോബാഗുകളിലാണ് രണ്ടു മുന്തിരിച്ചെടികളും നട്ടിരിക്കുന്നത്. വീടുപണി പൂർത്തിയായാൽ മുറ്റത്ത് മണ്ണിൽ നടും.
രണ്ടു വർഷം മുമ്പ് കണ്ണൂരിലെ ഗ്രീൻലാൻഡ് നഴ്സറിയിൽനിന്നും 200 രൂപ വീതം നൽകി വാങ്ങിയതാണ് മുന്തിരിത്തൈകൾ. ഭർത്താവ് മിനീഷാണ് തൈകൾ നട്ടത്. മിനീഷ് വിദേശത്തു പോയതോടെ പ്രിജിയും മക്കളും വീട്ടിലെ കൃഷികളുടെ പരിപാലനം ഏറ്റെടുത്തു.
ജൈവകൃഷി രീതിയാണ് അവലംബിച്ചത്. പച്ചക്കറി വേസ്റ്റ്, പച്ചമീൻ കഴുകുന്ന വെള്ളം, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, ചാണകത്തിന്റെ തെളിനീര് തുടങ്ങിയ വളങ്ങൾ നൽകി. സാധാരണ എട്ടുവർഷമെടുത്താണ് മുന്തിരിങ്ങ ഉണ്ടാകുന്നത്.
എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോഴെക്കും മുന്തിരി ഉണ്ടായിത്തുടങ്ങി. പച്ചയും കറുത്തതുമായ ഏഴു മുന്തിരിക്കുലകളാണ് ഉണ്ടായിരിക്കുന്നത്. മക്കളായ ഹയാ എസ്കെഎം പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയും മകൻ ഹാർഡ്വിൻ ഒന്നാം ക്ലാസിലുമാണ്.