നിര്‍മാണത്തിലെ അപാകത: വലിയതോട്ടിലെ തടയണ നശിച്ചു
1422911
Thursday, May 16, 2024 7:03 AM IST
കടുത്തുരുത്തി: നിര്‍മാണത്തിലെ അപാകത മൂലമെന്ന് ആക്ഷേപം, വലിയതോട്ടില്‍ തിരുവമ്പാടി ഭാഗത്ത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച തടയണ (ചീപ്പ്) നശിച്ചു. ശക്തമായി പെയ്ത വേനല്‍മഴയില്‍ തടയണയുടെ അടിവശം തകര്‍ന്ന് വെള്ളം കുത്തിയൊലിക്കുകയാണ്.
വേനല്‍ക്കാലത്തെ രൂക്ഷമായ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കാനാണ് നിലവിലുണ്ടായിരുന്ന പഴയ തടയണ പൊളിച്ചു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 20.70 ലക്ഷം രൂപ ചെലവഴിച്ചു പുതിയ തടയണ പൂര്‍ത്തിയാക്കിയത്. ആധുനിക രീതിയിലുള്ള തടയണയും ഇരുവശങ്ങളിലും സംരക്ഷണഭിത്തിയും നിര്‍മിക്കാന്‍ രണ്ട് ഘട്ടമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് 20.70 ലക്ഷം രൂപ അനുവദിച്ചത്. പലതവണ നിര്‍മാണം മുടങ്ങിയെങ്കിലും അടുത്തകാലത്ത് ഇതു പൂര്‍ത്തിയാക്കിയിരുന്നു.
മഴയാരംഭിച്ചു തോട്ടില്‍ നീരൊഴുക്ക് വര്‍ധിച്ചപ്പോൾ വെള്ളം തടയണയുടെ അടിയിലൂടെ കുത്തിയൊലിക്കുകയുമായിരുന്നു. ഷട്ടറിട്ട് വെള്ളം തടയാനും കഴിയുന്നില്ല. വലിയതോട്ടിലെ വെള്ളമൊഴുക്ക് ശക്തി പ്രാപിക്കുന്പോൾ തടയണ പൂര്‍ണമായി തകരുമോയെന്ന ആശങ്കിലാണ് കര്‍ഷകരും നാട്ടുകാരും.
തടയണ നിര്‍മാണം നടക്കുന്ന സമയത്ത് കനാല്‍ തുറന്നു വിട്ടതിനെത്തുടര്‍ന്ന് തടയണയ്ക്കു നാശമുണ്ടാവുകയും നിര്‍മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പണി നടക്കുന്നതിനിടെ തോട്ടിലൂടെ കനാല്‍ വെള്ളം കുത്തിയൊഴുകിയെത്തി കോണ്‍ക്രീറ്റിംഗ് നടത്താനായി തയാറാക്കി വച്ചിരുന്ന നിര്‍മാണ സാമഗ്രികളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം തകരുകയായിരുന്നു. പിന്നീട് കടുത്ത വേനലായതോടെ ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം രൂപ കൂടി അനുവദിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
തോട്ടില്‍ വെള്ളമൊഴുക്ക് ആരംഭിച്ചതോടെ തടയണ ചോരുകയും വെള്ളം കുത്തിയൊഴുകുകയുമായിരുന്നു. ഇനി ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ തടയണ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാമെന്ന പ്രതീക്ഷയും നടപ്പാകില്ല. കടുത്തുരുത്തി വലിയതോട്ടില്‍ തിരുവമ്പാടി ഭാഗത്ത് ജലസേചനത്തിന് സൗകര്യമൊരുക്കുന്നതിനാണ് ആധുനിക രീതിയിലുള്ള തടയണ (ചീപ്പ്) നിര്‍മിച്ചത്. പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് തടയണ പ്രയോജനപ്പെടുമെന്നായിരുന്നു പ്രതീക്ഷ. തടയണ നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് 13.70 ലക്ഷം രൂപയാണ് ആദ്യം അനുവദിച്ചത്.
തിരുവമ്പാടി ഭാഗത്ത് മുമ്പുണ്ടായിരുന്ന ചീപ്പും കടവും തകര്‍ന്ന് ഉപയോഗശൂന്യമാവുകയും പാലം നിര്‍മാണത്തിനായി ചീപ്പ് പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്തെ നൂറുകണക്കിന് ഏക്കര്‍ വരുന്ന പാടശേഖരങ്ങളില്‍ നെല്‍ക്കൃഷിക്കും പച്ചക്കറി കൃഷിക്കും ജലസേചനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത് തിരുവമ്പാടിയിലെ തടയണയായിരുന്നു.
പാലം നിര്‍മാണത്തിനു തടയണ പൊളിച്ചതോടെ വെള്ളം തടഞ്ഞു നിര്‍ത്താനുള്ള സൗകര്യങ്ങള്‍ ഇല്ലായി. വേനലിൽ ഈ പ്രദേശമെല്ലാം രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലമർന്നിരുന്നു. തിരുവമ്പാടി പാലത്തിന് അടിയിൽ പുതിയ തടയണ നിര്മിക്കുന്പോൾ പാഴുത്തുരുത്ത്, തിരുവമ്പാടി, അരുണാശേരി, കൂവേലി പാടശേഖരങ്ങളില്‍ കൃഷിക്കു വെള്ളമെത്തിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ, തകർച്ച നേരിട്ട തടയണയിൽ വലിയതോട്ടില്‍ വെള്ളപ്പാച്ചിലുണ്ടാകുമ്പോള് ഒഴുകിയെത്തുന്ന മരങ്ങളും മാലിന്യങ്ങളും തടഞ്ഞുനിന്നു പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്.