സ്കൂളിന് പുതിയ ബസ് കൈമാറി
1422916
Thursday, May 16, 2024 7:17 AM IST
കടുത്തുരുത്തി: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്കൂളിന് പുതിയ ബസ് കൈമാറി. വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിദ്യാര്‍ഥികള്‍ക്കു യാത്രാസൗകര്യമൊരുക്കിയിരുന്ന സ്കൂളിന് പുതിയ ബസ് ലഭിച്ചത് വലിയ നേട്ടമായി. ആദ്യമായിട്ടാണ് സ്വന്തമായൊരു വാഹനം സ്കൂളിന് ലഭ്യമാകുന്നത്.
സ്കൂള്‍ ബസിന്റെ താക്കോല്‍ പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ജോയി മണലേല്‍, സെക്രട്ടറി മനോജ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പൽ സീമ സൈമണ്‍, പ്രധാനാധ്യാപിക സുജ മേരി തോമസ് എന്നിവര്‍ക്കു കൈമാറി.
16.50 ലക്ഷം രൂപയാണ് പുതിയ ബസ് വാങ്ങാന്‍ സംഘടന മുടക്കിയത്. അധ്യാപകരുടെ വിഹിതമായി ലഭിച്ച മൂന്നു ലക്ഷം രൂപയും പൂര്വവിദ്യാര്ഥികളില് നിന്നും മറ്റു സുമനസുകളില്നിന്നു ലഭിച്ച ഫണ്ടുപയോഗിച്ചാണ് ബസ് വാങ്ങിയത്. 18 സീറ്റാണുള്ളത്.
ഇതോടനുബന്ധിച്ചു വലിയപള്ളി യോഗശാലയില്‍ നടന്ന സമ്മേളനം തോമസ് ചാഴികാടന് എംപി ഉദ്ഘാടനം ചെയ്തു. ഫാ.ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, സംഘടനാ ഭാരവാഹികളായ കെ. ജയകൃഷ്ണന്, ജോയി മണലേല്‍, മനോജ് ജോസഫ്, തോമസ് വെട്ടുവഴി, മുന്‍ പ്രധാനാധ്യാപകന് ആര്.സി.വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.