തണൽമരം വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു
1422919
Thursday, May 16, 2024 7:17 AM IST
കറുകച്ചാൽ: തണൽമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കറുകച്ചാൽ-വാഴൂർ റോഡിൽ പന്ത്രണ്ടാം മൈലിന് സമീപം ചേർക്കോട്ടുപടിയിൽ ചൊവ്വാഴ്ച രാത്രിയിലാണ് കൂറ്റൻ വാകമരം പിഴുതുവീണത്. റോഡിന് കുറുകെ മരം വീണതോടെ ഗതാഗതം പൂർണമായി മുടങ്ങി. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെത്തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തകരാറിലായി.
പാമ്പാടിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി രാത്രി വൈകി മരം മുറിച്ചുമാറ്റിയത്. രണ്ടു മണിക്കൂറോളം ഗതാഗതം നെടുംകുന്നം റോഡിലൂടെ വഴിതിരിച്ചുവിട്ടു.
കഴിഞ്ഞയാഴ്ചയും ഇവിടെ മരശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു. പ്രദേശത്ത് അപകടാവസ്ഥയിൽ നിരവധി മരങ്ങൾ വളർന്നുനിൽക്കുന്നുണ്ട്. ഇവ മുറിച്ചു മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നു നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
മരങ്ങൾ ഉയർത്തുന്ന ഭീഷണി സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.