കത്തോലിക്ക കോണ്‍ഗ്രസ് കർഷക അവാർഡ് വിതരണം ഇന്ന്
1224225
Saturday, September 24, 2022 11:17 PM IST
മുതലക്കോടം: കത്തോലിക്ക കോണ്‍ഗ്രസ് മുതലക്കോടം ഫൊറോനയുടെ നേതൃത്വത്തിൽ മികച്ച കർഷകർക്ക് അവാർഡുകൾ വിതരണം ചെയ്യും.
ഇന്നു വൈകുന്നേരം 5.30ന് സെന്റ് ജോർജ് ഫൊറോനപള്ളി കോണ്‍ഫറൻസ് ഹാളിൽ ചേരുന്ന യോഗവും അവാർഡ് വിതരണവും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഫൊറോന പ്രസിഡന്റ് ജോജോ ജോസഫ് അധ്യക്ഷത വഹിക്കും.
ഫൊറോന ഡയറക്ടർ റവ. ഡോ. ജോർജ് താനത്തുപറന്പിൽ ആമുഖ പ്രസംഗവും കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോസ് പുതിയേടം മുഖ്യപ്രഭാഷണവും നടത്തും. പ്രഫ. ജോസഫ് ചാക്കോ പദ്ധതി വിശദീകരിക്കും. ഫൊറോന പ്രസിഡന്റ് ജോർജ് മുപ്പറ്റയിൽ സ്വാഗതവും ജോണ്‍ താന്നിക്കൽ നന്ദിയും പറയും.
സംയോജിത കർഷകൻ, ക്ഷീരകർഷകൻ, നെൽകർഷകൻ, അനുകരണീയമായ കൃഷി മാതൃകകൾ എന്നിവയിൽ ഫൊറോനയിലെ ചാലാശേരി, കോടിക്കുളം, വാഴക്കാല, മുതലക്കോടം, പാറപ്പുഴ ഇടവകകളിൽനിന്നുള്ള കർഷകരെയാണ് അവാർഡിനായി പരിഗണിച്ചത്. ജിമ്മി കളപ്പുര-കോടിക്കുളം, ജോണ്‍ തകരപ്പിള്ളിൽ-പാറപ്പുഴ, ലൂക്ക് തോട്ടുപാട്ട്-കോടിക്കുളം, ജോണി പുള്ളോലിക്കൽ-പാറപ്പുഴ എന്നിവരാണ് കർഷക അവാർഡിന് അർഹരായത്. 10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
നാല്പതോളം അപേക്ഷകരിൽനിന്നു കൃഷിവിദഗ്ധരടങ്ങുന്ന പാനലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കാർഷിക മേഖലയോടു ആഭിമുഖ്യം വളർത്തുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അവാർഡുകൾ വിതരണം ചെയ്യുന്നതെന്നു ഫൊറോന ഡയറക്ടർ റവ. ഡോ. ജോർജ് താനത്തുപറന്പിൽ അറിയിച്ചു.