ജില്ലയിലെ ഭൂപതിവ് ഓഫീസുകൾ തുടരും: മന്ത്രി റോഷി അഗസ്റ്റിൻ
1278592
Saturday, March 18, 2023 10:19 PM IST
ചെറുതോണി: ജില്ലയിലെ ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം 31നു ശേഷവും തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. താത്കാലികമായി ആരംഭിച്ച ഇത്തരം ഓഫീസുകളുടെ പ്രവർത്തനാനുമതി ഓരോ വർഷവും പുതുക്കി നൽകുകയാണ് ചെയ്യുന്നത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന അദാലത്തിനു മുന്നോടിയായി ഇടുക്കി-കഞ്ഞിക്കുഴി വില്ലേജിലെ പട്ടയ നടപടികളുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കുന്നതിന് റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി താലൂക്ക്തല ലാൻഡ് അസൈൻമെന്റ് കമ്മറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് വീടു വെക്കുന്നതിനാവശ്യമായ ഭൂമിയുടെ കൈവശരേഖ നൽകുന്നതിനുള്ള നടപടികൾ കൂടുതൽ മാനുഷിക പരിഗണനയോടെ സമയബന്ധിതമായി കൈകാര്യം ചെയ്യണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് ജോസഫ്, ജിൻസി ജോയി, കെ.സി. സുരേഷ്, ഇടുക്കി തഹസിൽദാർമാരായ എൻ. വിജയ, മിനി കെ. ജോണ്, വിവിധ പാർട്ടി പ്രതിനിധികളായ ഷാജി കാഞ്ഞമല, പി.ഡി. ജോസഫ്, എൻ.വി. ബേബി, സിനോജ് വള്ളാടി, പി.കെ. ജയൻ, തുടങ്ങിയവർ പങ്കെടുത്തു.