വേനൽമഴയെത്തി; ഹൈറേഞ്ചിൽ കാപ്പിവസന്തം
1281275
Sunday, March 26, 2023 10:14 PM IST
ഉപ്പുതറ: വൈകിയാണെങ്കിലും വേനൽമഴ എത്തിയത് ഹൈറേഞ്ചിലെ കർഷകർക്ക് അനുഗ്രഹമായി. കാപ്പിച്ചെടികൾ നിറയെ പൂവിട്ടു. അടുത്ത കാലത്തെങ്ങും കാപ്പിച്ചെടി ഇത്രയധികം പൂവിട്ടിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഒരു മഴകൂടി കിട്ടിയാൽ അടുത്ത വർഷം ധാരാളമായി കാപ്പിക്കുരു വിളവെടുക്കാം.
ഏലം, കുരുമുളക് തുടങ്ങിയ മറ്റു കൃഷികൾക്കും കുടിവെള്ളസ്രോതസുകൾക്കും വേനൽമഴ സഹായകമായി. മഴ ലഭിച്ചതോടെ കപ്പ, വാഴ തുടങ്ങിയ തന്നാണ്ടു കൃഷികൾക്കും ഊർജമായി.
ഒരാഴ്ച മുന്പ് പെരിയാറിൽ നീരൊഴുക്ക് നിലയ്ക്കുന്ന ഘട്ടംവരെയെത്തിയിരുന്നു. വേനൽമഴ കിട്ടിയതോടെ നീരൊഴുക്ക് സജീവമായി. കുടിവെള്ളം, കൃഷി തുടങ്ങി എല്ലാ മേഖലകളും ഗുരുതരമായ ഭവിഷ്യത്തു നേരിട്ട ഘട്ടത്തിലാണ് പ്രകൃതി കനിഞ്ഞതും മിക്ക സ്ഥലങ്ങളിലും ഒന്നിലധികം വേനൽമഴ കിട്ടിയതും. ഭൂമിക്ക് നനവായതോടെ ചൂടിനും നേരിയ ശമനം ഉണ്ടായിട്ടുണ്ട്.
എന്നാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ ശക്തമായ ഒന്നോ രണ്ടോ മഴകൂടി കിട്ടിയില്ലങ്കിൽ ഏലം അടക്കമുള്ള കൃഷികൾ ഉണങ്ങാൻ തുടങ്ങും. കുടിവെള്ളക്ഷാമം രൂക്ഷമാകാനും സാധ്യതയുണ്ട്. മുൻകാലങ്ങളിൽ വേനൽക്കാലത്ത് ഇടമഴ കിട്ടുമെങ്കിലും
കുംഭമാസത്തിലാണ് കൂടുതൽ മഴ ലഭിച്ചിരുന്നത്. ഈ സമയമാണ് ഇഞ്ചി, മഞ്ഞൾ തുടങ്ങിയ നടുതലകൃഷികൾ ചെയ്തിരുന്നത്. ഈസ്റ്റർ, വിഷു സമയമാകുമ്പോൾ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.