തൃശൂർ: ഓട്ടിസം ബാധിച്ച കുരുന്നുകൾക്ക് സ്നേഹസാന്ത്വനവുമായി കളക്ടർ ഹരിത വി. കുമാർ. പെരിങ്ങാവ് ഓട്ടിസം ശിശുക്ഷേമകേന്ദ്രം സ്പെഷൽ സ്കൂളിൽ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ യും കെയർ ഗിവേഴ്സ് പരിശീലന പരിപാടിയുടെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കളക്ടർ. പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച ഉത്പന്നങ്ങൾ കാണാനും നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാനും കളക്ടർ മറന്നില്ല. ഓട്ടിസം അടക്കമുള്ള ശാരീരിക, മാനസിക വൈകല്യങ്ങൾ നേരിടുന്നവർക്ക് അതിജീവനത്തിന് ആവശ്യമായ പരീശീലനം നൽകാനും ഓട്ടിസം സെന്ററിനു കഴിയുമെന്ന് കളക്ടർ പറഞ്ഞു.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 2008 ൽ തൃശൂരിൽ ആരംഭിച്ച ഓട്ടിസം ചൈൽഡ് വെൽഫെയർ സെന്റർ സ്പെഷൽ സ്കൂൾ പ്രത്യേക കഴിവുകളുള്ള കുട്ടികൾക്കായുള്ള പരിശീലന പരിപാടിയിൽ ഏറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സ്പീച്ച് തെറാപ്പി, യോഗ, ഡാൻസ്, മ്യൂസിക് തെറാപ്പി, കൗണ്‍സിലിംഗ്, ബിഹേവിയർ തെറാപ്പി, കംപ്യൂട്ടർ പരിശീലനം, ചൈൽഡ് സൈക്കോളജി തുടങ്ങിയ മേഖലകളിൽ ഇവിടെ ക്ലാസുകൾ നൽകുന്നുണ്ട്.
ഓട്ടിസം, മെന്റൽ റിട്ടാർഡേഷൻ, സെറിബ്രൽ പാൾസി എന്നീ അവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കുന്നതിനുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന പരിപാടിയാണ് കെയർ ഗിവേഴ്സ് ട്രെയിനിംഗ്. 9745614208 എന്ന നന്പറിൽ രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.
ശിശുക്ഷേമകേന്ദ്രം കണ്‍വീനർ എം.കെ. പശുപതി മാസ്റ്റർ, കൗണ്‍സിലർ എൻ.വി. രാധിക, സ്പെഷൽ സ്കൂൾ ഡയറക്ടർ ഡോ. കെ.എസ്. വിജയലക്ഷ്മി, പേട്രണ്‍ കമ്മിറ്റി പ്രസിഡന്റ് ഗിരിജ അനന്തരാമൻ, സെക്രട്ടറി സി.ടി. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.