പുല്ലും പായലും നിറഞ്ഞ് ബ്ലാച്ചിറ
1423881
Tuesday, May 21, 2024 1:13 AM IST
കൊടകര: പറപ്പൂക്കര, കൊടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ബ്ലാച്ചിറയില് പായലും പുല്ലും നിറയുന്നു. ജലസേചനത്തിനും കുടിവെള്ള പദ്ധതികളുടെ പമ്പിംഗിനും ആശ്രയിക്കുന്ന ഈ ജലസ്രോതസ് നാശോന്മുഖമായ അവസ്ഥയിലാണ്.
മറ്റത്തൂര്‍, കൊടകര, പറപ്പൂക്കര പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കുഴിക്കാണി തോട്ടിലാണ് ബ്ലാച്ചിറയുള്ളത്. ഈ ചിറയില്‍ സംഭരിച്ചുനിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് മൂന്നുപഞ്ചായത്തുകളിലേയും നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്തുപോരുന്നത്. വേനല്‍ക്കാലത്ത് തോട്ടില്‍ നീരൊഴുക്കു കുറയുമ്പോള്‍ ചാലക്കുടി ജലസേചന പദ്ധതിയില്‍ നിന്ന് കൊടകര ബ്ലാച്ചിറ കനാല്‍ വഴി വെള്ളം തുറന്നുവിട്ട് ചിറ നിറക്കാനുള്ള സംവിധാനവും നിലവിലുണ്ട്. വേനല്‍ക്കാലത്ത് വല്ലപ്പോഴും മാത്രമാണ് ഇറിഗേഷന്‍ കനാല്‍ വഴി ചിറയിലേക്ക് വെള്ളമെത്തുന്നത്. കനാല്വെള്ളത്തിലൂടെ മാലിന്യങ്ങളും ബ്ലാച്ചിറയിലേക്കെത്താറുണ്ട്. പായലും പുല്ലും നിറഞ്ഞതോടെ പുല്‍മേടിനു സമാനമായ അവസ്ഥയിലാണു ചിറ. ബ്ലാച്ചിറയുടെ നവീകരണത്തിനു നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.