2500 വർഷം പഴക്കമുള്ള മമ്മികൾ കണ്ടെടുത്തു
Monday, November 16, 2020 12:14 AM IST
കയ്റോ: 2500 വർഷം പഴക്കമുള്ള മമ്മികൾ ഉള്ളതും ഇല്ലാത്തതുമായ നൂറിലധികം ശവപ്പെട്ടികൾ ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകൻ കണ്ടെടുത്തു. കയ്റോയ്ക്കു 30 കിലോമീറ്റർ തെക്കുള്ള സക്കാറയിൽനിന്നാണ് ഇവ ഖനനം ചെയ്തെടുത്തത്. പുരാതന ഈജിപ്തിലെ ഉന്നതകുലജാതരെ സംസ്കരിച്ചിരുന്ന കേന്ദ്രങ്ങളിലൊന്നാണിത്. ഈജിപ്ഷ്യൻ അധികൃതർ സക്കാറയിലെ പ്രസിദ്ധമായ സ്റ്റെപ് പിരമിഡിനു മുന്നിൽ ശവപ്പെട്ടികൾ പ്രദർശിപ്പിച്ചു.
വിഗ്രഹങ്ങളും പ്രതിമകളും മാസ്കുകളും അടക്കമുള്ളവയും കണ്ടെത്തിയിട്ടുണ്ട്. ടോളമിഭരണം നിലനിന്ന ബിസി 320നും 30നും ഇടയിലേതാണ് ഇവയെല്ലാമെന്ന് ഈജിപ്ഷ്യൻ പുരാസവ്തു-ടൂറിസം വകുപ്പ് മന്ത്രി ഖാലെദ് എൽഅനാനി പറഞ്ഞു.