ബോറിസ് ജോണ്‍സനെ കുഴപ്പത്തിലാക്കി വീണ്ടും രാജി
Friday, July 1, 2022 11:19 PM IST
ലണ്ടൻ: പാർട്ടിഗേറ്റ് വിവാദത്തിന്റെ നിഴലിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കുഴപ്പത്തിലാക്കി വീണ്ടും രാജി. ഇക്കുറി സഹപ്രവർത്തകന്റെ അമിത മദ്യപാനമാണു ജോണ്‍സണു വിനയായത്.
വിവാദപുരുഷനായ കണ്‍സർവേറ്റീവ് പാർട്ടി ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചർ പദവിയിൽനിന്നു രാജിവച്ചു. അമിതമായി മദ്യപിച്ചെന്നും മറ്റുള്ളവർക്കു നാണക്കേടുണ്ടാക്കിയെന്നും കുറ്റസമ്മതം നടത്തിയാണു പിഞ്ചറിന്റെ രാജി.
അടുത്തിടെ ലണ്ടനിലെ സ്വകാര്യ ക്ലബ്ബായ കാൾട്ടൻ ക്ലബ്ബിൽവച്ചു പിഞ്ചർ പുരുഷന്മാരായ രണ്ടുപേരെ സഭ്യമല്ലാത്ത രീതിയിൽ സ്പർശിച്ചതായി ആരോപണമുയർന്നിരുന്നു. ഇയാളുടെ രാജിക്കായി പ്രധാനമന്ത്രിക്കുമേൽ വലിയ സമ്മർദമുണ്ടായിരുന്നു. ടാംവർത്തിൽനിന്നുള്ള പാർലമെന്റ് അംഗമാണു പിഞ്ചർ.
ഇതു രണ്ടാംവട്ടമാണു വിപ്പ്പദവിയിൽനിന്നു പിഞ്ചർ രാജിവയ്ക്കുന്നത്. 2017 നവംബറിൽ നിയമവിരുദ്ധമായി പാസ് അനുവദിച്ചതിന്റെ പേരിൽ, ജൂണിയർ വിപ്പായിരുന്ന പിഞ്ചറിനു പദവിയൊഴിയേണ്ടിവന്നിരുന്നു.
എന്നാൽ അന്നത്തെ പ്രധാനമന്ത്രി തെരേസ മേ 2018ൽ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പ് പദവി നൽകി തിരികെകൊണ്ടുവന്നു. ജോണ്സണ് ഭരണത്തിൽ ആദ്യം സഹമന്ത്രിയായിരുന്നെങ്കിലും പിന്നീട് വിപ്പ് പദവി നൽകി.