പാക്കിസ്ഥാനിൽ 33 ലക്ഷം ക്രൈസ്തവർ, 38 ലക്ഷം ഹിന്ദുക്കൾ
Saturday, July 20, 2024 1:18 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രിസ്ത്യൻ ജനസംഖ്യ ഏഴു ലക്ഷം വർധിച്ചു. 2017ൽ 26 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ 2023ൽ 33 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ ഹിന്ദു ജനസംഖ്യ മൂന്നു ലക്ഷമാണു വർധിച്ചത്. 35 ലക്ഷത്തിൽനിന്ന് ഹിന്ദു ജനസംഖ്യ 38 ലക്ഷമായി. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(പിബിഎസ്) ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
2023ൽ പാക്കിസ്ഥാനിലെ ജനസംഖ്യ 24.04 കോടിയാണ്.ഇതിൽ 96.35 ശതമാനം മുസ്ലിംകളാണ്. 2017നെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യാ ശതമാനത്തിൽ നേരിയ കുറവുണ്ടായി. 2050 ആകുന്പോഴേക്കും പാക് ജനസംഖ്യ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.
ആറു വർഷത്തിനിടെ ക്രിസ്ത്യൻ ജനസംഖ്യ 1.27 ശതമാനത്തിൽനിന്ന് 1.37 ശതമാനമായി ഉയർന്നു. അതേസമയം, ഹിന്ദു ജനസംഖ്യ 1.73 ശതമാനത്തിൽനിന്ന് 1.61 ശതമാനമായി താഴ്ന്നു. ന്യൂനപക്ഷ വിഭാഗമായ അഹമ്മദികളുടെ എണ്ണം 191,737ൽനിന്ന് 1,62,684 ആയി കുറഞ്ഞു. 15,998 സിക്കുകാരും 2348 പാഴ്സികളും പാക്കിസ്ഥാനിലുണ്ട്.