Responses
കെ-റെയിൽ പദ്ധതിയെ എന്തുകൊണ്ട് എതിർക്കണം?
കെ-റെയിൽ പദ്ധതിയെ  എന്തുകൊണ്ട് എതിർക്കണം?
Wednesday, December 29, 2021 1:06 AM IST
കെറെയിൽ പ​ദ്ധ​തി​യുടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ (ഡിപിആർ) പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ഇ​തു​വ​രെ​ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി അ​തി​നു ത​യാ​റാ​കാ​ത്ത​തു ദു​രൂ​ഹ​മാ​ണ്. വി​വ​രാ​വ​കാ​ശ നി​യ​മപ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വാ​ണി​ജ്യ​രേ​ഖ​യാ​യ​തി​നാ​ൽ ത​രാ​നാ​വി​ല്ല എ​ന്നാ​ണു മ​റു​പ​ടി. സ​ർ​ക്കാ​രി​ന് എ​ന്തൊ​ക്കെ​യോ മ​റ​യ്ക്കാ​നു​ണ്ട് എ​ന്ന​താ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്.

67000 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് അഞ്ച് വ​ർ​ഷംകൊ​ണ്ട് ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ നീ​തി ആ​യോ​ഗ് പ​റ​യു​ന്ന​ത് അഞ്ച് വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​വി​ല്ലെ​ന്നും കു​റ​ഞ്ഞ​ത് 1012 വ​ർ​ഷമെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നും അ​പ്പോ​ഴേ​ക്കും ചെ​ല​വ് ഏ​ക​ദേ​ശം 2.1 ല​ക്ഷം കോ​ടി രൂ​പ ആ​കുമെന്നാ​ണ്.

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ ക​ണ​ക്കുപ്ര​കാ​രം ഇ​പ്പോ​ൾ 3.2 ല​ക്ഷം കോ​ടി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ക​ടം. പെ​ൻ​ഷ​ൻ​പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ ന​ട്ടംതി​രി​യു​ന്ന സ​ർ​ക്കാ​രി​ന് എ​ങ്ങനെ​യാ​ണ് 2.1 ല​ക്ഷം കോ​ടി​യു​ടെകൂ​ടി ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​നാ​കു​ന്ന​ത്? എ​ങ്ങി​നെ​യാ​ണ് ന​മു​ക്ക് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​നാ​കു​ന്ന​ത്?

കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ക്കു​ന്ന​താ​ണീ പ​ദ്ധ​തി.​ പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും കോ​ട്ട​യം വ​ഴി​യും ആ​ല​പ്പു​ഴ വ​ഴി​യു​മു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വേ​ണ്ട സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ​ർ​ക്കാ​രാ​ണ് അഞ്ച് വ​ർ​ഷം കൊ​ണ്ട് സി​ൽ​വ​ർ ലൈ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് വീ​മ്പി​ള​ക്കു​ന്ന​ത്.

ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മൂ​ലം കേ​ര​ളം കി​ഴ​ക്കു​പ​ടി​ഞ്ഞാ​റാ​യി വി​ഭ​ജി​ക്ക​പ്പെ​ടും എ​ന്നാ​ണു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭ്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2540 മീറ്റർ വീ​തി​യി​ൽ നി​ർമിക്ക​പ്പെ​ടു​ന്ന ഈ ​പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും 810 മീറ്റർ ഉ​യ​ര​ത്തി​ൽ മ​തി​ൽ നി​ർ​മി​ക്കും. കൂ​ടാ​തെ ഇ​രു​വ​ശ​ത്തും 50 മീറ്റർ വീ​തി​യി​ൽ യാ​തൊ​രു​വി​ധ നി​ർമാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി​യി​ൽ അ​നു​വ​ദി​ക്കു​ക​യു​മി​ല്ല.
543 കി.മീ. ദൂ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന റെ​യി​ൽ​പ്പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​നു വേ​ണ്ടിവ​രു​ന്ന പാ​റ​യും മ​ണ്ണും ല​ഭി​ക്കാ​ൻ ന​മ്മു​ടെ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര വൻതോതിൽ ഇ​ടി​ച്ചുനി​ര​ത്തേ​ണ്ടിവ​രും. ഈ ​പാ​ത കേ​ര​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി​യെ ന​ശി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ള്ള അ​തി​തീ​വ്ര മ​ഴ​യും മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യ ഇ​ക്കാ​ല​ത്ത് ന​മ്മു​ടെ പു​ഞ്ച​പ്പാ​ട​ങ്ങ​ളും ച​തു​പ്പു​നി​ല​ങ്ങ​ളും നി​ക​ത്തി പാ​ത നി​ർ​മി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി ആ​ഘാ​തം എ​ത്ര​യോ വ​ലു​താ​യി​രി​ക്കും! കി​ഴ​ക്കു​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ള​ത്തെ ത​ട​ഞ്ഞുനി​ർത്തു​ന്ന ഒ​രു ഡാ​മാ​യി ഭാ​വി​യി​ൽ ഈ ​പാ​ത മാ​റും. കൂ​ട്ടി​ക്ക​ലും കൊ​ക്ക​യാ​റും പു​ത്തുമ​ല​യും പെ​ട്ടി​മു​ടി​യും ഒ​ന്നും ന​മു​ക്ക് മ​റ​ക്കാ​റാ​യി​ട്ടി​ല്ല.

നാലു മ​ണി​ക്കൂ​ർ കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു കാ​സ​ർ​ഗോഡ് എ​ത്ത​ണ​മെ​ന്ന് ആ​ർ​ക്കാ​ണ് വാ​ശി?

നി​ല​വി​ലെ റെ​യി​ൽപ്പാ​ത​യു​ടെ ഇ​ര​ട്ടി​പ്പി​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ആ​ധു​നി​ക ഇ​ല​ക്‌​ട്രോ​ണി​ക് സി​ഗ്ന​ലിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ൽത​ന്നെ ഇ​പ്പോ​ഴ​ത്തെ യാ​ത്രാസ​മ​യം വ​ള​രെ​യേ​റെ കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. സ​മാ​ന്ത​ര​മാ​യി മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെയും പാ​ത നി​ർ​മി​ക്കു​ക​യും നി​ല​വി​ലെ പാ​ത​യി​ലെ വ​ള​വു​ക​ൾ നി​വ​ർ​ത്തുക​യും ചെ​യ്താ​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ട്ട. ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ലോ​ക് വ​ർ​മ പ​റ​യു​ന്നു. ഇ​തി​നെ​ല്ലാം വേ​ണ്ടിവ​രു​ന്ന തു​ക 25,000 കോ​ടി രൂ​പ മാ​ത്രം.

റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ സാ​ങ്കേ​തി​കാ​നു​മ​തി​യും കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യും ഈ ​പ​ദ്ധ​തി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല അ​ലൈ​ൻ​മെ​ന്‍റ് ഇ​തു​വ​രെ ഭൂ​മി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. ഇ​തൊ​ന്നു​മി​ല്ലാ​തെ ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്.

ഏ​ക​ദേ​ശം 20,000 കു​ടുംബ​ങ്ങ​ളെ​യെ​ങ്കി​ലും കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ടിവ​രും.​ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന് മൂന്ന് ഇ​ര​ട്ടി വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന് ആ​ശ്വ​സി​ക്കു​ന്ന​വ​ർ മൂ​ലമ്പ​ള്ളി​യി​ൽനി​ന്നു കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട് വ​ഴി​യാ​ധാ​ര​മാ​യ കു​ടും​ബ​ങ്ങ​ളു​ടെ​യും കൂ​ട്ടി​ക്ക​ലി​ൽ പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട് സ​മ​ര​പ്പ​ന്ത​ലി​ൽ അ​ന്തി​യു​റ​ങ്ങു​വാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​നു​ഭ​വം ഓ​ർ​മി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.
അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് വി​ശ​ദ​മാ​യ സാ​മൂ​ഹി​കാ​ഘാ​ത പഠനം ന​ട​ത്താ​തെ​യാ​ണ് ബ​ലം പ്ര​യോ​ഗി​ച്ച് ഭൂമി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഏ​തു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യാ​ലും അ​ത് ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തുകൊ​ണ്ടു വേ​ണം. ഈ ​പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് യാ​തൊ​രുവി​ധ ച​ർ​ച്ച​യ്ക്കും നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ല. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി കേ​ര​ള​ത്തി​ന് ആ​പ​ത്താ​ണ് എ​ന്ന് ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തും മെ​ട്രോ​മാ​ൻ ഇ.​ ശ്രീ​ധ​ര​നും ഒ​രുപോ​ലെ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. കേ​ര​ള​ത്തി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ​ദ്ധ​തി​ക്കെ​തി​രാ​ണ്.

പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​വ​രെ​യെ​ല്ലാം "വി​ക​സ​ന വി​രോ​ധി​ക​ൾ'എ​ന്ന പഴഞ്ചൻ പ്ര​യോ​ഗ​വു​മാ​യി എ​തി​ർ​ക്കാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ യ​ഥാ​ർ​ഥ താ​ത്പ​ര്യം എ​ന്താ​ണെ​ന്നു സാ​ധാ​ര​ണക്കാ​ര​ന് സം​ശ​യം തോ​ന്നി​യാ​ൽ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. എക്സ്പ്രസ് ഹൈവേ കേ​ര​ള​ത്തെ ര​ണ്ടാ​യി പി​ള​ർ​ത്തു​മെ​ന്നു പ​റ​ഞ്ഞ് സ​മ​രം ചെ​യ്യാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത് ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് എ​ന്ന​തു ന​മു​ക്കു മ​റ​ക്കാ​തി​രി​ക്കാം.

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി കേ​ര​ള​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്ന​തും പാ​രി​സ്ഥി​തി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ത​ക​ർ​ക്കു​ന്ന​തുമാണ്. അ​തുകൊ​ണ്ട് ഈ ​പ​ദ്ധ​തി​ക്കെ​തി​രേയു​ള്ള സ​മ​രം കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ന്ന​വ​രുടേതു മാ​ത്ര​മ​ല്ല, ന​മ്മു​ടെ നാ​ടി​ന്‍റെ അ​തി​ജീ​വ​ന​ത്തി​നും ഭാ​വി ത​ല​മു​റ​യ്ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. അ​തി​ജീ​വ​ന​ത്തി​നുവേ​ണ്ടി​യു​ള്ള​താ​ണീ പോ​രാ​ട്ടം. ഈ ​പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ​വ​രും അ​ണി​ചേ​ര​ണം.

ജ​യിം​സ് മാ​ളി​യേ​ക്ക​ൽ ചെ​റു​വാ​ണ്ടൂ​ർ.