മെഴ്സിഡസ് ബെൻസ് 2026ലെ ഏറ്റവും പുതിയ മെയ്ബാക്ക് എസ്ക്ലാസ് പുറത്തിറക്കി. ഡിസൈനിലെ ചെറിയ മാറ്റങ്ങൾക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും പരിഷ്കരിച്ച എഞ്ചിൻ കരുത്തുമാണ് ഇതിന്റെ പ്രത്യേകത.
അടുത്തിടെ പുതുക്കിയ എസ്ക്ലാസിനെ അടിസ്ഥാനമാക്കിയാണ് മെയ്ബാക്ക് പതിപ്പും ഒരുക്കിയിരിക്കുന്നത്. ആഡംബരത്തിന് കൂടുതൽ മുൻഗണന നൽകുന്നതിനൊപ്പം വ്യക്തിഗത താത്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും മികച്ച പ്രകടനവും ഈ പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നു.
വാഹനത്തിന്റെ ഉള്ളിൽ പിൻസീറ്റ് യാത്രക്കാരുടെ സൗകര്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം. മികച്ച ഗുണനിലവാരമുള്ള മെറ്റീരിയലുകൾക്കൊപ്പം ലെതർ ഉപയോഗിക്കാത്ത പുതിയ ഇന്റീരിയർ ഓപ്ഷനുകളും ലഭ്യമാണ്.
മെയ്ബാക്കിന് മാത്രമായി രൂപകൽപ്പന ചെയ്ത പുതിയ ഗ്രാഫിക്സുകളോട് കൂടിയ എംബിയുഎക്സ് സൂപ്പർസ്ക്രീൻ ഡാഷ്ബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്. നൂതനമായ ഇലക്ട്രോണിക്സ് ആർക്കിടെക്ചർ വഴി ഡിജിറ്റൽ ഫീച്ചറുകളും കണക്റ്റിവിറ്റിയും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ചാരിക്കിടക്കാവുന്ന സീറ്റുകൾ, മസാജ് ഫംഗ്ഷനുകൾ, പ്രത്യേക കൺട്രോൾ ഇന്റർഫേസുകൾ എന്നിവ പിൻസീറ്റ് യാത്രക്കാർക്ക് സജ്ജമാക്കിയിട്ടുണ്ട്. എസ് 580 മോഡലിൽ ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയുള്ള പരിഷ്കരിച്ച വി8 എഞ്ചിനാണുള്ളത്.
ഇത് ഏകദേശം 530 എച്ച്പി പവർ ഉത്പാദിപ്പിക്കും. അമേരിക്ക, യുഎഇ തുടങ്ങിയ വിപണികളിൽ 630 എച്ച്പി കരുത്തുള്ള 6.0 ലിറ്റർ വി12 എഞ്ചിനോട് കൂടിയ എസ് 680 ലഭ്യമാകും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ 612 എച്ച്പി നൽകുന്ന കരുത്തുറ്റ 4.0 ലിറ്റർ വി8 എഞ്ചിനായിരിക്കും എത്തുക.
കൂടാതെ, ഏകദേശം 100 കിലോമീറ്റർ വരെ ഇലക്ട്രിക് മോഡിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഒരു പ്ലഗ്ഇൻ ഹൈബ്രിഡ് വേരിയന്റും അന്താരാഷ്ട്ര തലത്തിൽ ലഭ്യമാണ്. സ്റ്റാൻഡർഡ് എസ്ക്ലാസ് നവീകരണത്തിനുശേഷം 2027ലാകും പുത്തൻ മെയ്ബാക്ക് എസ്ക്ലാസ് ഇന്ത്യയിൽ എത്തുന്നത്.
തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്തേക്കും. പുതിയ സാങ്കേതിക വിദ്യകളും ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വാഹനത്തിന്റെ വില മൂന്ന് കോടി രൂപയ്ക്ക് മുകളിൽ പോകാനാണ് സാധ്യത.
Tags : Mercedes Maybach S-Class Features Auto