പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന് ബജറ്റില്‍ പ്ലാന്‍ ഫണ്ട് ഇനത്തില്‍ അനുവദിച്ചിരുന്നത് 1,83,08,000 രൂപയായിരുന്നു. എന്നാല്‍ പദ്ധതി വിഹിതമായി അനുവദിച്ചത് 1,68,17,717 രൂപ മാത്രം. ഇതു വഴി 14,90,283 രൂപ പഞ്ചായത്തിന് നഷ്ടം.
മെയിന്റനന്‍സ് റോഡിനത്തില്‍ 1,76,54,000 രൂപ അനുവദിച്ചെങ്കിലും 1,27,50,150 രൂപ മാത്രമാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇതോടെ 49,03,850 രൂപ നഷ്ടമായി. മെയിന്റനന്‍സ് നോണ്‍ റോഡിനത്തില്‍ 74,59,000 രൂപ പ്രഖ്യാപിച്ചുവെങ്കിലും 49,72,600 രൂപയാണ് അനുവദിച്ചത്. 24,06,400 രൂപ കുറവു വരുത്തി ആകെ പഞ്ചായത്തിന് 88,80,533 രൂപ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
ഈ തുക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉള്പ്പെടുത്താനാകാത്തതാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. പ്രവൃത്തി പൂര്‍ത്തീകരിച്ച് മാര്‍ച്ച് 31ന് മുമ്പ് ട്രഷറിയില്‍ സമര്‍പ്പിച്ച 33,50,000 രൂപക്കുള്ള ബില്ല് മാറാതെ തിരിച്ചയക്കുകയായിരുന്നു. ഈ തുകയും പഞ്ചായത്തിന് നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.
ആകെ 1,22,30,535 രൂപ പുഴക്കാട്ടിരി പഞ്ചായത്തിന് നഷ്ടപ്പെടും. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭീമമായ ഈ തുക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് നല്‍കേണ്ടി വന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ല.
ഈ സാഹചര്യം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയ സംഖ്യ അധിക വിഹിതമായി അനുവദിക്കണമെന്ന് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുല്‍സു ചക്കച്ചന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.