ദീപിക വായനക്കാർ സ്വരൂപിച്ച തുക ദീപിക ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഫാ. രഞ്ജിത് ആലുങ്കൽ ബിന്ദുവിനു കൈമാറുന്നു. സാന്‍റി ജോർജ് സമീപം.
കോട്ടയം: കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താനാകാതെ വിഷമിച്ച ബിന്ദുവിനെ ചേർത്തുപിടിച്ച് ദീപിക വായനക്കാരും. പാലാ പൈക ചൂരയ്ക്കാട്ട് മുട്ടത്തിക്കുന്നേൽ ബിന്ദു തോമസ് ആണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വായനക്കാർക്കു മുന്നിൽ സഹായം അഭ്യർഥിച്ചിരുന്നത്. മൂന്നു വർഷം മുന്പ് ഭർത്താവ് മരിച്ചുപോയ ബിന്ദു സ്കൂൾ വിദ്യാർഥികളായ പെൺമക്കൾക്കൊപ്പമാണ് താമസം. ഇതിനിടയിലാണ് വൃക്കരോഗം രൂക്ഷമായത്.
ഇടവക പള്ളിയിൽനിന്നുള്ള സഹായത്താലാണ് ചികിത്സയും കുടുംബച്ചെലവുകളും നടത്തിയിരുന്നത്. എന്നാൽ, ഏതാനും മാസം മുന്പ് വൃക്കകൾ ഒൻപതു ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളെന്നും എത്രയും വേഗം വൃക്കമാറ്റിവയ്ക്കണമെന്നും നിർദേശിച്ചു. വൃക്കമാറ്റിവയ്ക്കലിന് ആവശ്യമായ വൻ തുക കണ്ടെത്തുക എന്ന പ്രതിസന്ധിയാണ് കുടുംബത്തെ അലട്ടിക്കൊണ്ടിരുന്നത്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം പലരോടും സഹായം അഭ്യർഥിച്ചത്.
ഇതിനൊപ്പം ദീപിക ചാരിറ്റി ന്യൂസിൽ ബിന്ദുവിന്‍റെ ജീവിതകഥ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട് വായനക്കാർ അയച്ചുനൽകിയ 52,000 രൂപ ദീപിക ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഫാ. രഞ്ജിത് ആലുങ്കൽ ബിന്ദുവിനു കൈമാറി. ദീപിക യൂണിറ്റ് ഫിനാൻസ് മാനേജർ സാന്‍റി ജോർജും സന്നിഹിതനായിരുന്നു.