കോന്നി: തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ കരയിലേക്കു കയറ്റി വനപാലകർ.തണ്ണിത്തോട് മേക്കണത്ത് ജനവാസ മേഖലയിലെ റബർ തോട്ടത്തിൽ ഉപയോഗശൂന്യമായ കിണറ്റിലാണ് കുട്ടിയാന വീണത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ കരയിലേക്കു കയറ്റാനായത്.
ഏകദേശം രണ്ടു വയസ് തോന്നിക്കുന്ന പിടിയാനയെയാണ് ഇന്നലെ പുലർച്ചെ മൂന്നോടെ പ്രദേശവാസിയായ ഗോപിയുടെ റബർ തോട്ടത്തിലെ കിണറ്റിൽ അകപ്പെട്ടതായി കണ്ടെത്തിയത്. കിണറ്റിൽ നിന്ന് ആനയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഭവം കണ്ടത്. തുടർന്ന് ഇവർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ആന വീണ കിണറ്റിൽ വെള്ളം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് സഹായകരമായിരുന്നു.
പരിക്കില്ല, പുറത്തെത്തിയ ആനക്കുട്ടി ഉഷാർ
വനംവകുപ്പിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ആനക്കുട്ടിയെ യാതൊരു പരിക്കുകളുമില്ലാതെ സുരക്ഷിതമായി കരകയറ്റി കാട്ടിലേക്ക് തന്നെ തിരികെ അയച്ചത്. പുറത്തെത്തിയ ഉടൻ കുട്ടിയാന കാട്ടിലേക്ക് ഓടിപ്പോയി.
വനപാലകരും ഏറെദൂരം ആനയെ പിന്തുടർന്നു. കുട്ടിയാന കിണറ്റിൽ വീണതു മനസിലാക്കി കാട്ടാനക്കൂട്ടം പരിസരത്ത് തന്പടിച്ചിരുന്നു.വനപ്രദേശത്തോടു ചേർന്നുള്ള, റബർ തോട്ടത്തിലെ 20 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാനക്കുട്ടി അബദ്ധത്തിൽ വീണത്.
തണ്ണിത്തോട് റേഞ്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി അതിവേഗം രക്ഷാപ്രവർത്തനംആരംഭിക്കുകയായിരുന്നു.തുടർന്ന് ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ശ്രദ്ധാപൂർവം ഇടിച്ചുനിരത്തി ഒരു വലിയ ചെരിവുണ്ടാക്കി. ഇതിലൂടെ ആനക്കുട്ടിക്ക് സ്വന്തമായി തന്നെ സുരക്ഷിതമായി മുകളിലേക്ക് കയറി വരാനായി.
ആനക്കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ ഇല്ലാത്തതിനാൽ, പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാതെ തന്നെ അതിനെ സ്വാഭാവിക വാസസ്ഥലമായ വനത്തിലേക്ക് തിരിച്ചയക്കാൻ അധികൃതർക്ക് കഴിഞ്ഞു. തണ്ണിത്തോട് പഞ്ചായത്തിൽ 14ാം വാർഡിലെ സ്വകാര്യ പറമ്പിലെ കിണറ്റിലാണ് കുട്ടിയാന അകപ്പെട്ടത്
കുട്ടിയാനയ്ക്ക് പ്രഥമദൃഷ്ട്യാ പരിക്കുകൾ ഇല്ലാത്തതിനാൽ പറഞ്ഞയയ്ക്കുകയായിരുന്നെന്ന് ഡിഎഫ്ഒ എൻ.രാജേഷ് പറഞ്ഞു.പ്രദേശത്ത് കാട്ടാനശല്യം നിലനിൽക്കുന്നുണ്ടെങ്കിലും ഒരു ആനക്കുട്ടിയെ രക്ഷിക്കാൻ വനംവകുപ്പും നാട്ടുകാരും കാണിച്ച സമയോചിതമായ ഇടപെടൽ കുട്ടിയാനയ്ക്കു ജീവിതത്തിലേക്ക് തിരികെ വരാൻ സഹായകരമായി.
രക്ഷാ പ്രവർത്തകർ ഹാപ്പി; നഷ്ടം ധ്വരയ്ക്ക്
കോന്നി: തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റിൽ അകപ്പെട്ട കാട്ടാനക്കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചതോടെ രക്ഷാപ്രവർത്തകർക്കും വനപാലകർക്കും ആശ്വാസമെങ്കിലും നഷ്ടത്തിന്റെ കണക്കുകളുമായി കർഷകനായ ധ്വര. വനപാലകരടക്കമുള്ള രക്ഷാ പ്രവർത്തകരും കാട്ടാനക്കുട്ടിയും സമീപത്ത് തന്പടിച്ച കാട്ടാനകളും ഹാപ്പിയായെങ്കിലും ധ്വരയ്ക്കുണ്ടായ നഷ്ടത്തിന് ആരു പരിഹാരം നൽകുമെന്ന് അറിയില്ല.
കാട്ടുമൃഗങ്ങളുടെ വരവ് തടയാൻ രണ്ട് നിര ഫെൻസിംഗ് അടക്കം ധ്വര തീർത്ത മൂന്ന് സംരക്ഷണ വേലികൾ ആനയെ രക്ഷിക്കാനുള്ള ശ്രമത്തിൽ തകർന്നു. രക്ഷപ്പെട്ട കുട്ടിയാന ധ്വരയുടെ കൃഷിയിടത്തിലൂടെ കടന്നാന്ന് ഓടിയത്.
കിണറ്റിൽ നിന്നു രക്ഷപ്പെട്ട് പുറത്തെത്തിയ കാട്ടാനക്കുട്ടിയെ ആളുകൾ അനാവശ്യമായി വിരട്ടി ഓടിച്ചതോടെ അവശേഷിച്ച സുരക്ഷാ വേലികളും തകർത്ത് ആനക്കുട്ടി കൃഷിയിടത്തിൽ കയറി. സുരക്ഷാ വേലിക്കും കൃഷിക്കും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ധ്വര പറഞ്ഞു.
സമീപ കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായപ്പോൾ തന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ കൃഷിഭൂമിക്ക് രണ്ട് നിര സോളാർ വേലികളടക്കം മൂന്ന് നിര സുരക്ഷാ വേലി കെട്ടി തിരിച്ചിരുന്നു. എല്ലാവരും കൃഷി ഉപേക്ഷിച്ചപ്പോൾ സംരക്ഷണ വേലിയുടെ പിൻബലത്തിൽ ധ്വര കൃഷി നടത്തിയിരുന്നു. സുരക്ഷാ വേലികൾക്കും കൃഷിക്കും യാതൊരു സർക്കാർ സഹായവും ധ്വര തേടിയിട്ടില്ല.
ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങൾ സമീപ കൃഷിയിടങ്ങളിൽ വിഹരിക്കുന്ന രാത്രികളിലും കൃഷിയിടത്തെ സംരക്ഷിക്കാൻ വേണ്ടി ചെറിയ മാടത്തിൽ, കാവൽ നിൽക്കാറുണ്ട്. ആനക്കുട്ടി തകർത്ത സുരക്ഷാ വേലികൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള തിടുക്കത്തിലാണ് ധ്വര.
വന്യമൃഗശല്യം നേരിട്ടു പഠിക്കാൻ വനംമന്ത്രി പത്തനംതിട്ടയിലേക്ക്
പത്തനംതിട്ട: ജില്ലയിൽ കോന്നി, റാന്നി വനം ഡിവിഷനുകളിലെ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഉയർത്തുന്ന ഭീഷണി സംബന്ധിച്ചു നേരിട്ട് വിലയിരുത്താൻ മന്ത്രി ഷിബു ബേബി ജോൺ നിയമസഭാ സമ്മേളനത്തിനുശേഷം എത്തും.
പഴകുളം മധു എംഎൽഎ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റാന്നി, കോന്നി പ്രദേശങ്ങളും വന്യമൃഗ ശല്യം അതിരൂക്ഷമായ മറ്റു സ്ഥലങ്ങളും സന്ദർശിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.റാന്നി നിയോജകമണ്ഡലത്തിലടക്കം വന്യജീവി സംഘർഷം ചൂണ്ടിക്കാട്ടിയാണ് പഴകുളം മധു ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചത്.
തെരുവ് നായ്ക്കളെ പോലെ നാട്ടിൽ വിഹരിക്കുന്ന പന്നികളെയും ദയാവധം നടത്തുന്നതിന് അനുവദിക്കണമെന്നും, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യത്തിന് തോക്കുകളും വാഹനങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിച്ച് രാത്രികാല നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും മധു ആവശ്യപ്പെട്ടു. ഓരോ വനമേഖലയിലും ഉൾക്കൊള്ളാൻ കഴിയുന്ന മൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി കണക്കാക്കി വന വിസ്തൃതിയും വന്യമൃഗങ്ങളുടെ എണ്ണവും തമ്മിലുള്ള സന്തുലിതാവസ്ഥ വിലയിരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ എംഎൽഎ നിർദേശിച്ചു.
വടശേരിക്കരയിൽ 18 ആനകൾ സ്ഥിരമായി ജനവാസ മേഖലയിൽ തങ്ങുന്നുണ്ടെന്ന പ്രമേയത്തിലെ പരാമർശത്തെ സംബന്ധിച്ച് ഇങ്ങനെ ഒരു വിവരം വനംവകുപ്പിനില്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്.
അരലക്ഷത്തോളം പന്നികൾ വനഞ്ഞിന് പുറത്തുണ്ട് എന്നാണ് തനിക്ക് ലഭിച്ച കണക്കുകളെന്നും ഇന്നത്തെ നിയമത്തിനുള്ളിൽ നിന്നുകൊണ്ട്, ഷൂട്ടർമ്മാരില്ലാത്ത പഞ്ചായത്തുകളിൽ ഷൂട്ടർമാരെ നിയമിച്ച്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സ്പെഷൽ ഡ്രൈവ് നടത്തുമെന്നും ഷിബു ബേബി ജോൺ നിയമസഭയിൽ അറിയിച്ചു.
മേക്കണ്ണത്ത് വന്യമൃഗശല്യം അതിരൂക്ഷം
തണ്ണിത്തോട്: ജനവാസ മേഖലയായ മേക്കണ്ണം പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്ന സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. കൃഷി ഉപേക്ഷിച്ച് നിരവധി കുടുംബങ്ങൾക്കാണ് സമീപ വർഷങ്ങളിൽ ഈ പ്രദേശം വിട്ടു പോകേണ്ടി വന്നിട്ടുള്ളത്.
തണ്ണിത്തോട് മൂഴിവരെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളിലായി കാട്ടാന, കടുവ, പുലി, പന്നി, കാട്ടുപോത്ത്, മലയണ്ണാൻ, കുരങ്ങ് തുടങ്ങി വിവിധങ്ങളായ മൃഗങ്ങളുടെ ശല്യം കാരണംജനവാസം ദുഃസഹമാകുകയാണെന്നും തങ്ങളുടെ ഉപജീവനമാർഗമായ കൃഷി ഉപേക്ഷിച്ച് പോകേണ്ട സാഹചര്യമാണ് നിലവിലെന്ന് പ്രദേശവാസിയായ തമ്പി ചൂണ്ടിക്കാട്ടി. 1947 മുതൽ കുടിയേറ്റകർഷകരായ പ്രദേശവാസികളാണ് ഇവിടെയുള്ളതെന്നും വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരമാണ് ആവശ്യമെന്നും ഗ്രാമപഞ്ചായത്ത് അംഗവും പരിസ്ഥിതി പ്രവർത്തകനുമായ എൻ.ലാലാജി പറഞ്ഞു.
ഇഷ്ട ഭക്ഷണങ്ങൾക്കായാണ് കാട്ടാനക്കൂട്ടങ്ങൾ ജനവാസമേഖലയിലെയ്ക്ക് ഇറങ്ങുന്നത്. ചക്കയുടെ കാലമായതോടെയാണ് ശല്യം ഇരട്ടിയായത്. എല്ലാദിവസവും ആന എത്തുന്ന സാഹചര്യമാണ്.
Tags : nattu vishesham Forest guards well in a wetland