ഇരിട്ടി: കണ്ണൂർ ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന കവാടമായ കൂട്ടുപുഴയിലെ എക്സൈസ് ചെക്പോസ്റ്റിന് മുന്നിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ദുരിതമാകുന്നു.
സമീപ പ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളം മുഴുവൻ ചെക്പോസ്റ്റിന് മുന്നിലേക്ക് ഒഴുകിയെത്തുന്നതോടെ വാഹനപരിശോധന പോലും പ്രതിസന്ധിയിലാകുകയാണ്. മഴ പെയ്താൽ വെള്ളത്തോടൊപ്പം ചെളിയും മണ്ണും അടിഞ്ഞുകൂടുന്നതിനാൽ വാഹനങ്ങൾ നിർത്തി പരിശോധിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഓഫീസിലേക്കുള്ള രണ്ടു പടികൾ വരെ വെള്ളത്തിൽ മുങ്ങും.
മഴ മാറിയാലും ചെളിയും മണ്ണും അവശേഷിക്കുന്നത് യാത്രക്കാർക്കും ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പരിശോധനയ്ക്കായി വാഹനങ്ങളിൽനിന്ന് ഇറങ്ങുന്നവർ ചെളിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയുമുണ്ട്. വെള്ളക്കെട്ടിൽനിന്ന് താത്കാലികമായി രക്ഷനേടാൻ റോഡിലെ ബാരിക്കേഡിൽ ഒരെണ്ണം ചരിച്ചുവച്ചിരിക്കുകയാണ്. എന്നാൽ ഇത് ശാശ്വത പരിഹാരമല്ല.
റോഡിന് കുറുകെ ഉയരത്തിൽ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിനടിയിലാണ് നിലവിൽ താത്കാലികമായി പരിശോധന നടത്തുന്നത്. ശക്തമായ കാറ്റിലും മഴയിലും ഇതും സുരക്ഷിതമല്ല. കാലാവസ്ഥ പ്രതികൂലമായാൽ എല്ലാ വാഹനങ്ങളും നിർത്തി പരിശോധിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. ഇത് ലഹരിക്കടത്ത് സംഘങ്ങൾ മുതലെടുക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം റോഡിലൂടെ ഒഴുകിയാണ് എക്സൈസ് ചെക്പോസ്റ്റിന് മുന്നിലൂടെ പുഴയിലേക്ക് എത്തുന്നത്. റോഡിന്റെ മറുവശത്തുകൂടി ഒഴുകിയെത്തുന്ന വെള്ളം കലുങ്ക് സ്ഥാപിച്ച് തിരിച്ചുവിടുകയാണ് ഇതിന് ശാശ്വതപരിഹാരമെന്ന് അധികൃതർ പറയുന്നു. ഇതുസംബന്ധിച്ച് പൊതുരാമത്ത് വകുപ്പിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. മഴ ആരംഭിക്കുന്നതിന് മുമ്പ് അധികൃതർ സ്ഥലം പരിശോധിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ല. വനമേഖലയോട് ചേർന്നുകിടക്കുന്നതിനാൽ ശക്തമായ മഴ ലഭിക്കുന്ന പ്രദേശമാണ് കൂട്ടുപുഴ.
മഴക്കാലത്ത് വാഹനപരിശോധനയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും യാത്രക്കാർക്ക് പ്രയാസമുണ്ടാകാതെയും ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുമുള്ള സ്ഥിരം സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് ആവശ്യം.