കൊയിനാട് കണയങ്കൽ വിൻസി ജോൺസന്റെ പുരയിടത്തിലെ തെങ്ങ് കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയിൽ.
പെരുവന്താനം: പഞ്ചായത്തിലെ കൊയിനാട് മേഖലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കൊയിനാട് കണയങ്കൽവീട്ടിൽ വിൻസി ജോൺസന്റെ വീട്ടുമുറ്റത്ത് നിലയുറപ്പിച്ചത് ഏഴോളം കാട്ടാനകൾ. വീടിന്റെ അടുക്കളവശം കാട്ടാനകൾ ആക്രമിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ ബഹളമുണ്ടാക്കി. ഇതോടെ കാട്ടാനക്കൂട്ടം പിന്തിരിഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ ഭയന്ന് വൃദ്ധരായ മാതാപിതാക്കളോടും കുട്ടികളോടുമൊപ്പം വിൻസിയുടെ കുടുംബം ഒരു രാത്രി മുഴുവൻ ഉണർന്നിരുന്നാണ് നേരം വെളുപ്പിച്ചത്. വനംവകുപ്പ് അധികാരികളെ വിവരം അറിയിച്ചതോടെ ആർആർടി ടീം അംഗങ്ങൾ സ്ഥലത്തെത്തി ആനകളെ വീടിന് സമീപത്തുനിന്നും തുരത്തി.
എന്നാൽ, ഇപ്പോൾ വന്യമൃഗശല്യം മൂലം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഇവിടത്തെ ആളുകൾ പറയുന്നു. പെരുവന്താനം പഞ്ചായത്തിൽ രണ്ടു പേരുടെയും പീരിമേട്ടിൽ ഒരാളുടെയും ജീവനെടുത്ത അക്രമകാരിയായ മോഴ ആനയുടെ സാന്നിധ്യവും ഇവിടെയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇതോടെ ഭയപ്പാടോടെ കഴിയേണ്ട ഗതികേടിലാണ് ഇവിടത്തെ ആളുകൾ. കാട്ടാനശല്യം രൂക്ഷമാകുമ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനക്കൂട്ടത്തെ തുരത്തും. എന്നാൽ, ഏതാനും നാളുകൾക്കുശേഷം ഇവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങും. ഇത്തരത്തിൽ കാട്ടാനശല്യം കൊയിനാട് മേഖലയിൽ രൂക്ഷമായിട്ട് വർഷങ്ങൾ പിന്നിടുകയാണ്.
എന്നാൽ, പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുവാൻ അധികാരികൾ തയാറാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വനാതിർത്തി മേഖലയിൽ കിടങ്ങ്, ഫെൻസിംഗ് അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് നാളുകളായി അധികാരികൾ വാഗ്ദാനം നൽകാറുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഇതോടെ വന്യമൃഗങ്ങൾ ജനവാസമേഖലയിൽ സ്വൈര്യവിഹാരം നടത്തുകയാണ്.
നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പരാതി നൽകുകയും നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുവാൻ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
Tags : forest fire nattuvisesham local news